“കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് ഒരാറാട്ടിന് പോയ അനുഭവമായിരിക്കും ചിത്രം”; മുണ്ട് മടക്കിക്കുത്തലും മീശപിരിക്കലും മാത്രമല്ല ആറാട്ടെന്ന് മോഹൻലാൽ
മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള സിനിമയാണ് ‘ആറാട്ട്.’ ഏറെ നാളുകൾക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രമായ ആറാട്ടിനായി വലിയ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തെ പറ്റിയുള്ള നടൻ മോഹൻലാലിൻറെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.
മുണ്ട് മടക്കിക്കുത്തലും മീശപിരിക്കലും മാത്രമല്ല, പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും മുകളിലാവും ആറാട്ടെന്നാണ് മോഹൻലാൽ പറയുന്നത്. പ്രവചനാതീതമായ പല ട്വിസ്റ്റുകളും ചിത്രത്തിലുണ്ടെന്നും പ്രേക്ഷകരെ രസിപ്പിക്കുന്ന തമാശകളും മികച്ച ആക്ഷൻ രംഗങ്ങളും നിറഞ്ഞതാണ് സിനിമയെന്നും ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നും രസകരവും വേറിട്ടതുമായിരിക്കും ആറാട്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
“നെയ്യാറ്റിൻകര ഗോപന്റെ ‘ആറാട്ട്’ കണ്ടിറങ്ങുമ്പോൾ ഒരു ആറാട്ടിന് പോയ അനുഭവം തന്നെയായിരിക്കും. ഒരുപാട് കാലങ്ങളായി മലയാള സിനിമയിൽ ഇറങ്ങിയിട്ടില്ലാത്ത തരം സിനിമയാണിത്. ചിരി പിടിച്ചു നിർത്താൻ കഴിയില്ല, അത്രത്തോളം തമാശ നിറഞ്ഞ സിനിമയാണ്” – മോഹൻലാൽ പറഞ്ഞു.
നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു. ഒരു മുഴുനീള മാസ് എന്റർടെയ്നർ ചിത്രമായിരിക്കും ആറാട്ട് എന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്. വില്ലൻ എന്ന ചിത്രത്തിന് ശേഷം ബി.ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.
Read More: ‘റോക്കട്രി’ റിലീസിനൊരുങ്ങുന്നു; ആര്‍. മാധവന്‍ ചിത്രത്തിൽ അതിഥി താരങ്ങളായി സൂര്യയും ഷാരൂഖ് ഖാനും
ഫെബ്രുവരി 18 നാണ് ആറാട്ട് തിയേറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ ഉടനീളം 500 ലധികം തിയേറ്ററുകളിലാവും ചിത്രം റിലീസ് ചെയ്യുക. ആരാധകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ദിനത്തിലെ ബുക്കിംഗ് ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്.
Story Highlights: Mohanlal about ‘Aarattu’