അപ്രതീക്ഷിതമായുണ്ടായ കനത്ത മഞ്ഞുവീഴ്ച; പർവതാരോഹകൻ രക്ഷപ്പെട്ടത് അത്ഭുതകരമായി, ഭീതിനിറച്ച് വിഡിയോ

February 28, 2022

മഞ്ഞുവീണുകിടക്കുന്ന മലകളും കുന്നുകളുമൊക്കെ വളരെ മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്, എങ്കിലും കനത്ത മഞ്ഞുവീഴ്ച പലപ്പോഴും വലിയ അപകടങ്ങൾക്കും കാരണമാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ കനത്ത ഹിമപാതത്തിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു അപകടത്തെക്കുറിച്ചുള്ള ചിത്രങ്ങളും വിഡിയോകളുമൊക്കെയാണ് സോഷ്യൽ ഇടങ്ങളെ ഭയാനകമാക്കികൊണ്ട് വൈറലാകുന്നത്. മരണത്തെ ഇച്ഛാശക്തികൊണ്ട് നേരിട്ട യുവാവിന് നിറഞ്ഞ അഭിനന്ദനങ്ങളും ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ പ്രചാരം നേടിയ വിഡിയോ കാണുമ്പോൾ ഇത് ഏതെങ്കിലും സിനിമയുടെ ഭാഗമാണോ എന്ന് ചിന്തിച്ച് പോകും. അത്രയ്ക്ക് ഭീതി നിറയ്ക്കുന്നതാണ് സംഭവം. കൊളറാഡോ സ്വദേശിയായ ലീലാൻഡ് നിസ്കി എന്ന പർവതാരോഹകനാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. മഞ്ഞുവീണുകിടക്കുന്ന റിബൺ പർവതത്തിൽ കൂടിയുള്ള യാത്രക്കിടെ അപ്രതീക്ഷിതമായാണ് കനത്ത മഞ്ഞു വീഴ്ച ഉണ്ടായത്. ഭൂമിയിൽ നിന്നും നാനൂറ് അടി ഉയരത്തിൽ എത്തിയപ്പോഴായിരുന്നു മഞ്ഞു വീഴ്ച. ശക്തമായ ഹിമപാതം എത്തിയത് വളരെ പെട്ടെന്നായിരുന്നു അതുകൊണ്ടുതന്നെ അവിടെ നിന്നും ഒന്ന് ഓടിമാറാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതോടെ മരണത്തെ മുന്നിൽക്കണ്ട അദ്ദേഹം ചെങ്കുത്തായ ഒരു കൊക്കയുടെ അറ്റത്ത് തൂങ്ങിക്കിടന്നാണ് ജീവിതത്തെ തിരിച്ചുപിടിച്ചത്.

Read also: അന്നത്തെ കൈകുഞ്ഞ് വളർന്ന് വലുതായി; വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും മാറ്റമില്ലാതെ മമ്മൂട്ടി, കൗതുകമായി സേതുരാമയ്യരുടെ ചിത്രങ്ങൾ

വർഷങ്ങളായുള്ള മഞ്ഞിലൂടെയുള്ള നടത്തത്തിന്റെ പരിശീലനവും ആത്മധൈര്യവും കൊണ്ടാണ് അദ്ദേഹം ജീവിതത്തെ തിരിച്ചുപിടിച്ചത്. ഹിമപാതം അടുത്തെത്തിയതോടെ കൈയിൽ ഉണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ഉറഞ്ഞുകൂടിയ മഞ്ഞിൽ ആഴ്ത്തിയിറക്കിയാണ് അദ്ദേഹം അവിടെ പിടിച്ചുതൂങ്ങി നിന്നത്. ഏകദേശം രണ്ട് മിനിറ്റോളം ബാലൻസ് തെറ്റാതെ അദ്ദേഹം അവിടെ നിന്നു. പിന്നീട് മഞ്ഞുവീഴ്ച കുറഞ്ഞപ്പോൾ ശരീരത്തിൽ പതിച്ച മഞ്ഞ് കുടഞ്ഞുകളഞ്ഞ് രക്ഷപെടുകയായിരുന്നു. ഈ രംഗങ്ങളെല്ലാം ലിലാൻഡിന്റെ ക്യാമറ ഹെൽമറ്റിൽ പതിയുകയും ചെയ്തിട്ടുണ്ട്.

https://www.instagram.com/p/CZzo9CrJBNW/?utm_source=ig_web_copy_link

Story highlights: Nail biting video of man climbing icy mountain