പൗർണമി ചന്ദ്രിക പാലൊളി വീശുന്ന… പാട്ട് പ്രേമികളുടെ മനം നിറച്ച് ‘ഫ്രീഡം ഫൈറ്റി’ലെ ഗാനം, വിസ്മയിപ്പിച്ച് ജോജു ജോർജ്

February 21, 2022

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത നടനായി മാറിക്കഴിഞ്ഞു ജോജു ജോർജ്, ജൂനിയർ ആർട്ടിസ്റ്റായി എത്തി കേന്ദ്രകഥാപത്രമായി മാറിയ ജോജു ജോർജിന്റെ സിനിമ ജീവിതം മായാളികൾക്ക് സുപരിചിതമാണ്. ലഭിക്കുന്ന കഥാപാത്രങ്ങളെ കൈകളിൽ ഭദ്രമാക്കാറുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമ പ്രേമികളിൽ ആവേശമാകുന്നത്. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രമാണ് ജോജുവിന്റേതായി റിലീസിന് ഒരുങ്ങുന്നത്.

മലയാള സിനിമ ആസ്വാദകർക്കിടയിൽ ഏറെ ശ്രദ്ധനേടുകയാണ് ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജി ചിത്രത്തിലേതായി പുറത്തുവന്ന ഗാനം. പാട്ട് പ്രേമികളുടെ ഹൃദയം കവരുന്ന പൗർണമി ചന്ദ്രിക പാലൊളി വീശുന്ന എന്ന ഗാനമാണ് ഈ ചിത്രത്തിലൂടെ പാട്ട് പ്രേമികൾ ആസ്വദിക്കുന്നത്. അഞ്ച് കഥകളുമായി അഞ്ച് സംവിധായകർ ഒന്നിക്കുന്ന ചിത്രത്തിലെ ജിയോ ബേബി സംവിധാനം ചെയ്തിരിക്കുന്ന ഓള്‍ഡ് ഏജ് ഹോം എന്ന ചെറുചിത്രത്തിലെ വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.

അതേസമയം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ജിയോ ബേബി, കുഞ്ഞില മാസിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സിസ് ലൂയിസ് എന്നി സംവിധായകർ ഒന്നിക്കുന്ന ചിത്രത്തിൽ രജിഷ വിജയന്‍, ശ്രിന്ദ, കബനി, ജിയോ ബേബി, രോഹിണി, ജോജു ജോര്‍ജ്, ഉണ്ണി ലാലു, സിദ്ധാര്‍ഥ ശിവ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ ഒരുങ്ങുന്ന രണ്ടാമത്തെ ആന്തോളജി ചിത്രമാണ് ഫ്രീഡം ഫൈറ്റ്. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മാതാക്കളായിരുന്ന മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‍ണു രാജന്‍ എന്നിവർ ചേർന്നാണ് ഫ്രീഡം ഫൈറ്റ് നിര്‍മ്മിക്കുന്നത്. സോണി ലൈവിലൂടെ പ്രേക്ഷകരിലേക്കെത്തുന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല.

മലയാളത്തിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള നടനാണ് ജോജു ജോർജ്. മധുരമാണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Story highlights; Old age home song joju george