80 കളെ അനുസ്മരിപ്പിച്ച് ‘പറുദീസ’; ചുരുങ്ങിയ സമയത്തിൽ ട്രെൻഡിങ്ങിൽ ഒന്നാമതായി ഭീഷ്മപർവ്വത്തിലെ ഗാനം
ഈ വർഷം മലയാളി പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ‘ഭീഷ്മപര്‍വ്വം.’ ട്രെൻഡ്സെറ്ററായി മാറിയ ബിഗ് ബി ക്ക് ശേഷം പ്രേക്ഷകരും മമ്മൂട്ടി ആരാധകരും ഒരേ പോലെ കാത്തിരിക്കുന്ന അമൽ നീരദ് ചിത്രം കൂടിയാണ് ‘ഭീഷ്മപര്‍വ്വം.’ ഇപ്പോൾ ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിലെ ഒരു ഗാനമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത്.
ശ്രീനാഥ് ഭാസി ആലപിച്ച ‘പറുദീസ’ എന്ന ഗാനമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സുഷിൻ ശ്യാം സംഗീതം ഒരുക്കിയ ഗാനത്തിന്റെ രചന വിനായക് ശശികുമാർ നിർവഹിച്ചിരിക്കുന്നു. 80 കളെ അനുസ്മരിപ്പിക്കുന്ന മനോഹര ദൃശ്യങ്ങളാണ് ഗാനത്തിന്റെ പ്രത്യേകതയായി എടുത്ത് പറയപ്പെടുന്നത്. ഗാനത്തിൽ ശ്രീനാഥ് ഭാസിയോടൊപ്പം സൗബിനും സ്രിന്ദയും അനഘയും അഭിനയിച്ചിരിക്കുന്നു.
ഗ്യാങ്‌സ്റ്റർ-ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മുഖ്യധാരാ സിനിമയില്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ബിലാല്‍ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ വലിയ ക്യാന്‍വാസും നിരവധി ഔട്ട്ഡോർ സീക്വന്‍സുകളുമൊക്കെയുള്ള ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ അസാധ്യമായതിനാല്‍ ആ ഇടവേളയില്‍ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു സംവിധായകനും നടനും.
Read More: റിവേഴ്‌സ് ഗിയറിലോടുന്ന പ്രായമാണോയെന്ന് ചോദ്യം; വൈറലായി ദുൽഖറിന്റെ മറുപടി
മാര്‍ച്ച് 3 നാണ് ഭീഷ്മപര്‍വ്വം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം നദിയാ മൊയ്തു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Story Highlights: Parudeesa song trending