താൻ ദുൽഖർ സൽമാന്റെ വലിയ ആരാധകനെന്ന് രൺബീർ കപൂർ; ഹേ സിനാമികക്ക് ആശംസകൾ നേർന്ന് ബോളിവുഡ് സൂപ്പർതാരം

February 12, 2022

മാർച്ച് ആദ്യവാരം തിയേറ്ററുകളിലെത്തുന്ന ദുൽഖർ സൽമാന്റെ തമിഴ് ചിത്രം ഹേ സിനാമികക്ക് ആശംസകളുമായി ബോളിവുഡ് സൂപ്പർതാരം രൺബീർ കപൂർ. താൻ ദുൽഖറിന്റെ സിനിമകൾ കാണാറുണ്ടെന്നും അദ്ദേഹത്തിന്റെ ഒരു വലിയ ആരാധകൻ കൂടിയാണ് താനെന്നും രൺബീർ പറഞ്ഞു. ഒരു നടനെന്ന നിലയിൽ താൻ ദുൽഖറിനെ ബഹുമാനിക്കുന്നുവെന്നും രൺബീർ കൂട്ടിച്ചേർത്തു. ഹേ സിനാമികയിലെ ഗാനം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വീഡിയോയിലാണ് രണ്‍ബീര്‍ സംസാരിച്ചത്.

‘ഇന്ന് പുറത്തിറങ്ങുന്ന ഹേയ് സിനാമികയിലെ ഗാനത്തിനും ചിത്രത്തിന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ ആശംസകള്‍. ഞാന്‍ ദുല്‍ഖര്‍ സിനിമകളുടെ വലിയ ആരാധകനാണ്. ഒരു നടനെന്ന നിലയില്‍ ഞാന്‍ ദുല്‍ഖറിനെ ഏറെ ബഹുമാനിക്കുന്നു. അദിതിയ്‌ക്കൊപ്പം ഞാന്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിയാണ് അവര്‍. കാജലിന്റെ പ്രകടനവും ഏറെ ഇഷ്ടപ്പെട്ടു. അവര്‍ക്കൊപ്പം ഏറെ വൈകാതെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ബൃന്ദ മാസ്റ്റര്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവം എനിക്കുണ്ട്. മാര്‍ച്ച് 3ന് തിയറ്ററുകളിലെത്താനിരിക്കുന്ന ഹേയ് സിനാമികയ്ക്ക് എല്ലാ ആശംസകളും നേരുന്നു.’- രൺബീർ പറഞ്ഞു.

Read More: “അദ്ദേഹത്തിന് മോഹൻലാലിനെ ഇഷ്ടമാണ്, അങ്ങനെ ചിത്രത്തിലേക്കെത്തി”; ആറാട്ടിലെ ഏ.ആർ.റഹ്മാന്റെ സാന്നിധ്യത്തെ പറ്റി ബി.ഉണ്ണികൃഷ്ണൻ

പ്രശസ്ത നൃത്ത സംവിധായികയായ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഹേ സിനാമിക. മാര്‍ച്ച് 3നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. കാജള്‍ അഗര്‍വാള്‍, അതിഥി റാവു ഹൈദരി എന്നിവരാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികമാര്‍. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രീത ജയരാമന്‍ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 സ്റ്റുഡിയോസ് എന്നീ ബാനറുകൾ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

ചിത്രത്തിന് ആശംസകൾ നേരുന്ന രൺബീറിന്റെ വീഡിയോ നടൻ ദുൽഖർ സൽമാനും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

Story Highlights: Ranbir says he is a big fan of Dulquer Salman