പരിക്കേറ്റ പക്ഷിയെ രക്ഷിച്ച് പരിചരിച്ച് സച്ചിൻ ടെണ്ടുൽക്കർ- ഹൃദയംതൊട്ടൊരു കാഴ്ച
സമൂഹമാധ്യമങ്ങളിൽ ഏറ്റവും സജീവമായ സെലിബ്രിറ്റികളിൽ ഒരാളാണ് സച്ചിൻ ടെണ്ടുൽക്കർ. തന്റെ ആരാധകർക്കും ഫോളോവേഴ്‌സിനും പതിവായി വിശേഷങ്ങൾ നൽകുന്നതിൽ സച്ചിൻ വിട്ടുവീഴ്ച ചെയ്യാറില്ല. ഇപ്പോഴിതാ, ഹൃദ്യമായൊരു കാഴ്ചയുമായി എത്തിയിരിക്കുകയാണ് താരം. പരിക്കേറ്റ പക്ഷിയെ രക്ഷിക്കുന്ന ഹൃദയസ്പർശിയായ വിഡിയോ ആണ് ഇതിഹാസ താരം പങ്കുവെച്ചിരിക്കുന്നത്.
മാസ്റ്റർ ബ്ലാസ്റ്റർ ബീച്ചിൽ പരിക്കേറ്റ പക്ഷിയെ കണ്ടതും പരിചരിക്കുന്നതുമാണ് അദ്ദേഹം വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. പക്ഷിക്ക് കുറച്ച് വെള്ളം കൊടുക്കുകയും എങ്ങനെയാണ് പരിചരിക്കേണ്ടതെന്നും ആരായുകയാണ് താരം. പിന്നീട് സച്ചിൻ ഒരു റെസ്റ്റോറന്റ് കണ്ടെത്തി. അവിടുത്തെ ജീവനക്കാർ പക്ഷിക്ക് ഭക്ഷണമായി കുറച്ച് ധാന്യങ്ങൾ നൽകി. എന്തായാലും പക്ഷിയുടെ ചിറകിന് ഭാഗ്യവശാൽ പരിക്കുകൾ ഇല്ല. എന്നാൽ ഇടതുകാലിന് പരിക്കേറ്റിട്ടുണ്ട്.
‘ഒരു ചെറിയ കരുതലും വാത്സല്യവും നമ്മുടെ ലോകത്തെ കൂടുതൽ മികച്ച സ്ഥലമാക്കി മാറ്റാൻ വളരെയധികം മുന്നോട്ട് പോകും!’എന്ന അടിക്കുറിപ്പോടെയാണ് സച്ചിൻ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഓൺലൈനിൽ വിഡിയോ ഷെയർ ചെയ്‌തതിന് ശേഷം 8 ലക്ഷത്തിലധികം ആളുകൾ വിഡിയോ കണ്ടു. ഒട്ടേറെ ആളുകൾ ക്രിക്കറ്റ് താരത്തിനെ അഭിനന്ദിക്കുകയും ചെയ്തു.
മുൻപ്, ചന്തയിലെ തിരക്കിൽ അമ്മയെ നഷ്ടപ്പെട്ട നിലയിലുള്ള നായക്കുട്ടിയെ ഏറ്റെടുത്ത് വളർത്തിയത് വാർത്തയായിരുന്നു. സച്ചിൻ ടെണ്ടുൽക്കറിന്റെ വളർത്തുനായയാണ് ഇന്ത്യൻ ബ്രീഡിലുള്ള സ്പൈക്ക്. സച്ചിന്റെ ഫാംഹൗസിലെ പരിചാരകരുടെ മക്കളാണ് ഈ നായക്കുട്ടിയെ തെരുവിൽ നിന്നും രക്ഷിച്ചത്.ചന്തയിലെ തിരക്കിൽ അമ്മയെ നഷ്ടപ്പെട്ട നിലയിലാണ് നായക്കുട്ടിയെ ആ കുട്ടികൾ കണ്ടെത്തിയത്. അങ്ങനെ കുട്ടികൾ അവനെ ഫാം ഹൗസിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. ഫാം ഹൗസിലെത്തിയ നായകുട്ടിയുടെ കഥ അറിഞ്ഞ സച്ചിൻ സ്പൈക്ക് എന്ന പേരുനല്കി നായക്കുട്ടിയെ ദത്തെടുത്തു.
Story highlights- Sachin Tendulkar saves injured bird and feeds it in viral video