മാറ്റങ്ങൾ ആദ്യം കഠിനമാണ്, പക്ഷെ അവസാനം ഗംഭീരമാവും; ‘ഭീംലനായകിൽ’ അഭിനയിച്ചതിനെ പറ്റി സംയുക്ത മേനോൻ
തെലുങ്കിലും മലയാളത്തിലും സിനിമാപ്രേക്ഷകർ ഒരേ പോലെ കാത്തിരുന്ന ചിത്രമാണ് പവൻ കല്യാണിന്റെ ‘ഭീംലനായക്.’ ഇപ്പോൾ പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടിയാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. മെഗാഹിറ്റായ മലയാള സിനിമ ‘അയ്യപ്പനും കോശിയുടെ’ റീമേക്കാണ് ചിത്രം. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രം തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ്.
ഇപ്പോൾ ചിത്രത്തിൽ അഭിനയിച്ചതിനെപ്പറ്റിയുള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി സംയുക്ത മേനോൻ. മാറ്റങ്ങൾ ആദ്യം കഠിനവും കുഴപ്പവുമുള്ളതാണെങ്കിലും അവസാനം ഗംഭീരമായിരിക്കും എന്നാണ് ആദ്യമായി തെലുങ്ക് സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് സംയുക്ത മേനോൻ പറയുന്നത്. “എന്റെ ആദ്യ തെലുങ്ക് ചിത്രം റിലീസ് ചെയ്യുകയാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ചിത്രം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുമെന്ന് വിചാരിക്കുന്നു” എന്നാണ് സംയുക്ത മേനോൻ എഴുതിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ തന്റെ ഫോട്ടോസിനൊപ്പമാണ് സംയുക്ത മേനോൻ കുറിപ്പ് പങ്കുവെച്ചത്.
Read More: പാൻ ഇന്ത്യൻ താരമായി ടൊവിനോ; ഫിലിം ഫെയർ ഡിജിറ്റൽ മാഗസിൻ മുഖചിത്രമാവുന്ന ആദ്യ മലയാളി താരം
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് പലതവണയായി മാറ്റിയിരുന്നു. ‘ഞങ്ങൾ വാക്ക് നൽകിയത് പോലെ ഭീംല നായക് മികച്ച തിയറ്റർ അനുഭവം തന്നെയായിരിക്കും. ഈ മഹാമാരി കാലം അവസാനിച്ച ശേഷം ഞങ്ങൾ ചിത്രം തിയേറ്ററുകളിൽ എത്തിക്കും.’ എന്നാണ് നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്.
പവന്‍ കല്ല്യാണാണ് ബിജു മേനോന്‍റെ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്. നിത്യ മേനോനും സംയുക്താ മേനോനുമാണ് നായികമാർ. സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ത്രിവിക്രം ശ്രീനിവാസ് ആണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത് രവി. കെ. ചന്ദ്രനാണ്.
Story Highlights: Samyuktha Menon about acting in bheemlanayak