ഒരേ മരത്തിൽ നിന്നും 40 തരം വ്യത്യസ്ത ഫലങ്ങൾ; കൗതുകമായി ‘ട്രീ ഓഫ് 40’
പ്ലാവിൽ ചക്കയല്ലാതെ പിന്നെ മാങ്ങ ഉണ്ടാകുമോ….? ഇങ്ങനെ ഒരു ചോദ്യം കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല.. ഇങ്ങനെ ഒരു ചോദ്യം കേട്ടാൽ ചിരിച്ചുകൊണ്ടുതന്നെ നാം ഉത്തരവും പറയും ‘ഒരിക്കലുമില്ല’ എന്ന്. എന്നാൽ കാലം മാറി, രീതിയും മാറി…അതുകൊണ്ടുതന്നെ ഇനി ഇങ്ങനെയൊരു ചോദ്യം കേട്ടാൽ ‘ഉണ്ടാകും’ എന്ന് ഉത്തരവും പറഞ്ഞുതുടങ്ങിക്കോളൂ… കാരണം ശാസ്ത്രം വളർച്ചയുടെ പാതയിലാണ്…
ഇപ്പോഴിതാ സോഷ്യൽ ഇടങ്ങളിൽ അടക്കം കൗതുകമാകുകയാണ് ഒരു മരം. ട്രീ ഓഫ് 40 എന്ന് പേരിട്ടിരിക്കുന്ന മരത്തിൽ പേര് പോലെത്തന്നെ ഒന്നല്ല നാല്പതോളം ഫലങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്. സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ വിഷ്വൽ ആർട്സ് അസോസിയേറ്റ് പ്രൊഫസറും കർഷകനുമായ സാം വാൻ അകെൻ ആണ് ഗ്രാഫ്റ്റിങ്ങിലൂടെ ഈ ചരിത്രനേട്ടം കൈവരിച്ചതിന് പിന്നിൽ. അദ്ദേഹം തന്റെ കൃഷിയിടത്തിലെ മരത്തിൽ 40 വ്യത്യസ്ത തരം പഴങ്ങൾ ആണ് വിളയിച്ചിരിക്കുന്നത്. പ്ലം, പീച്ച്, ആപ്രിക്കോട്ട്, ചെറി തുടങ്ങി വിവിധതരം ഫലങ്ങളാണ് ഒരു മരത്തിൽ വിളയിച്ചിരിക്കുന്നത്. എന്നാൽ ഇവ വ്യത്യസ്ത സമയങ്ങളിലാണ് കായ്ക്കുന്നത്.
Read also: പ്രണയം പറഞ്ഞ് ഷിബു; ‘മിന്നൽ മുരളി’യിലെ പ്രേക്ഷകർ കാത്തിരുന്ന ഗാനമെത്തി
അതേസമയം വളരെയധികം ശ്രദ്ധയോടെയും കരുതലോടെയുമാണ് ഈ മരം നട്ടിരിക്കുന്നത്. 2008 മുതലാണ് പ്രൊഫസർ സാം ട്രീ ഓഫ് ഫോർട്ടിയിൽ പ്രവർത്തിച്ചുതുടങ്ങിയത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ മരം പൂക്കാൻ ഏകദേശം ഒമ്പത് വർഷത്തോളം എടുത്തു. അതേസമയം മുൻപ് അഗ്രികൾച്ചറൽ ലബോറട്ടറി ആയിരുന്ന ഈ പൂന്തോട്ടം നശിച്ച് തുടങ്ങിയതോടെ ഇത് പ്രൊഫസർ സാം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം ഇവിടെ കൃഷി തുടങ്ങി. പിന്നീട് ഗ്രാഫ്റ്റിങ്ങിലൂടെ ട്രീ ഓഫ് ഫോർട്ടിയും അദ്ദേഹം വളർത്തി. അതേസമയം ഈ പരീക്ഷണം വലിയ വിജയവുമായി.
Story highlights: Single Tree Yields 40 Different Kinds of Fruits