പ്രേക്ഷക എന്ന നിലയിൽ മമ്മൂട്ടി-അമൽ നീരദ് ചിത്രത്തിനായി കാത്തിരിപ്പ്, ഒടുവിൽ ഭീഷ്മപർവ്വത്തിൽ മികച്ച വേഷം; ഏറ്റവും സന്തോഷം തോന്നിയ നിമിഷമെന്ന് നടി സ്രിന്ദ

February 18, 2022

മലയാളി പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ‘ഭീഷ്മപര്‍വ്വം.’ ട്രെൻഡ്സെറ്ററായി മാറിയ ബിഗ് ബി ക്ക് ശേഷം പ്രേക്ഷകരും മമ്മൂട്ടി ആരാധകരും ഒരേ പോലെ കാത്തിരിക്കുന്ന അമൽ നീരദ് ചിത്രം കൂടിയാണ് ‘ഭീഷ്മപര്‍വ്വം.’ അടുത്തിടെ മികച്ച കഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ കയ്യടി നേടിയ നടി സ്രിന്ദയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ചിത്രത്തിൽ അഭിനയിച്ചതിനെ പറ്റിയുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് സ്രിന്ദ.

ഭീഷ്മപര്‍വ്വം എന്ന് പറഞ്ഞപ്പോള്‍ തന്നെ രോമാഞ്ചമാണെന്നാണ് നടി സ്രിന്ദ പറയുന്നത്.ബിഗ് ബിക്ക് ശേഷം അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഭാഗമാകുന്നതിന് അപ്പുറത്തേക്ക് എന്താണ് ആവശ്യപ്പെടുക എന്നും സ്രിന്ദ ഒരു ഓൺലൈൻ വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു. അഭിനയം തുടങ്ങിയ മുതല്‍ക്കെ അമല്‍ നീരദിനൊപ്പം സിനിമ ചെയ്യുക എന്നത് ആഗ്രഹമായിരുന്നുവെന്നും സ്രിന്ദ കൂട്ടിച്ചേർത്തു.

“ഭീഷ്മപര്‍വ്വം എന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് രോമാഞ്ചം വന്നു. നമ്മള്‍ അഭിനയിച്ച് തുടങ്ങുമ്പോള്‍ ചില സംവിധായകരുടെയും അഭിനേതാക്കളുടെയും ഒപ്പം സിനിമ ചെയണമെന്ന ആഗ്രഹം ഉണ്ടാകുമല്ലോ. അങ്ങനെ എന്റെ ലിസ്റ്റില്‍ ഉള്ള ഒരാളാണ് അമല്‍ ഏട്ടന്‍. അമല്‍ ഏട്ടനെ എനിക്ക് അറിയാം. ആകെ ട്രാന്‍സില്‍ അമല്‍ ഏട്ടന്‍ ക്യാമറ ചെയ്തപ്പോഴാണ് ഒപ്പം വര്‍ക്ക് ചെയ്തത്. അതും എനിക്ക് വളരെ കുറച്ച് ദിവസം മാത്രമാണ് ഷൂട്ട് ഉണ്ടായിരുന്നത്. അപ്പോള്‍ അമല്‍ ഏട്ടന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ തന്നെ വലിയ സന്തോഷമായിരുന്നു. പിന്നെ നമ്മള്‍ ബിഗ് ബി കണ്ട് ഇനി അമല്‍ ഏട്ടനും മമ്മൂക്കയും ഒരുമിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ്. അതില്‍ ഭാഗമാകാന്‍ കഴിഞ്ഞു എന്ന് പറഞ്ഞാല്‍ ഇതില്‍ കൂടുതല്‍ എന്താണ് ആവശ്യപ്പെടുക. ഞാന്‍ മമ്മൂക്കയോടൊപ്പം ഇതിന് മുമ്പ് മംഗ്ലീഷിലാണ് അഭിനയിച്ചിട്ടുള്ളത്. അന്ന് തൊട്ടെ മമ്മൂക്ക വളരെ ചില്ലാണ്. പിന്നെ മമ്മൂക്കയുടെ എനര്‍ജി ബീറ്റ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണ്.” – സ്രിന്ദ അഭിമുഖത്തിൽ പറഞ്ഞു.

Read More:ബാക്കി പൂരം ഒടിടിയിൽ; ‘അജഗജാന്തരം’ സോണി ലിവിൽ സ്‌ട്രീമിംഗ്‌ ആരംഭിക്കുന്നു

മാര്‍ച്ച് 3 നാണ് ഭീഷ്മപര്‍വ്വം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം നദിയാ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Story Highlights: Srinda about bheeshmaparvam