ഇതിഹാസമായ മഹാഭാരതത്തിന്റെ ലെയറുകൾ ഭീഷ്മപർവ്വത്തിലുണ്ടെന്ന് നടൻ സുദേവ് നായർ

February 28, 2022

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഭീഷ്മപർവ്വം. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസറിനും പാട്ടുകള്‍ക്കുമൊക്കെ വലിയ പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ പ്രീ ബുക്കിംഗ് റിസർവേഷന് വമ്പൻ വരവേൽപ്പാണ് ആരാധകരുടെ ഭാഗത്തു നിന്നുമുണ്ടായത്. കൊവിഡ് ഇളവുകൾ കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ ചിത്രത്തിന്റെ ആദ്യ ദിനം തിയേറ്ററുകൾ പൂരപ്പറമ്പാവുമെന്ന കാര്യത്തിൽ തർക്കമില്ല.

ഇപ്പോൾ ചിത്രത്തിൽ അഭിനയിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് നടൻ സുദേവ് നായർ. ഭീഷ്മപർവ്വത്തിൽ ഇതിഹാസമായ മഹാഭാരത്തിന്റെയും ലോകപ്രശസ്ത ഹോളിവുഡ് ക്ലാസിക് സിനിമ ഗോഡ്ഫാദറിന്റെയും ലെയറുകളുണ്ടെന്നാണ് സുദേവ് പറയുന്നത്. ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളും എന്താണ് റെപ്രസെന്റ് ചെയ്യുന്നതെന്ന് വ്യക്തമായി ഒരുക്കിയിട്ടുണ്ടെന്നും മമ്മൂട്ടിയുടെ മൈക്കിൾ മഹാഭാരതത്തിലെ ഭീഷ്മരെപ്പോലെ എല്ലാം നിയന്ത്രിക്കുന്ന കഥാപാത്രമാണെന്നും സുദേവ് പറയുന്നു. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോൾ പരിഭ്രമമുണ്ടായിരുന്നെന്നും അമൽ നീരദ് ചിത്രത്തിൽ അഭിനയിക്കണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും സുദേവ് കൂട്ടിച്ചേർത്തു.

“സിനിമ സ്വപ്നവുമായി നടന്ന കാലം മുതൽ അമൽ നീരദിനൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹിച്ചിരുന്നു. ഒരു ദിവസം അമൽ നീരദ് വിളിച്ച് റോളിനെക്കുറിച്ച് പറയുകയായിരുന്നു. ഓരോ രംഗം കഴിയുമ്പോഴും ഞാൻ പോയി മോണിറ്ററിൽ നോക്കുമായിരുന്നു. തിയേറ്ററിൽ വരുമ്പോൾ രോമാഞ്ചം തരും എന്നതിൽ സംശയമില്ല. നല്ല ആവേശത്തോടെയാണ് സിനിമ ഷൂട്ട് ചെയ്തത്. നിരവധി ലെയറുകൾ ഉണ്ട് സിനിമയിൽ. മഹാഭാരതത്തിന്റെ ലെയറുകൾ ഉണ്ട്, ഗോഡ്ഫാദറിന്റെ ലെയറുകൾ ഉണ്ട്. സിനിമയിൽ മമ്മൂക്കയുടെ മൈക്കിൾ എന്നത് മഹാഭാരതത്തിലെ ഭീഷ്മരെപ്പോലെ എല്ലാം നിയന്ത്രിക്കുന്ന കഥാപാത്രമാണ്.മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ എപ്പോഴും നല്ല പരിഭ്രമം ഉണ്ടാകും. ഇത് അദ്ദേഹത്തിനൊപ്പമുള്ള എന്റെ നാലാമത്തെ സിനിമയാണ്. “- സുദേവ് പറയുന്നു.

Read More: നല്ലൊരു കഥയെ ബോഗികൾപോലെ ഘടിപ്പിച്ച് യാത്രയ്ക്ക് ഭംഗം വരാതെ അതിന്റെ തീവ്രത സൂക്ഷിച്ചുകൊണ്ടുപോയ സിനിമ- ‘വെയിലി’നെക്കുറിച്ച് ഭദ്രൻ

മാര്‍ച്ച് 3 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നേരത്തെ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മപര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്.

Story Highlights: Sudev nair about bheeshmaparvam