‘തനിച്ചാകുമീ…’ ഷഹബാസ് അമന്റെ മാജിക്, ആസ്വാദകരെ നേടി കള്ളൻ ഡിസൂസയിലെ ഗാനം

February 7, 2022

മലയാളി സിനിമ ആസ്വാദകരുടെ ഹൃദയത്തിൽ സ്ഥാനം നേടിക്കഴിഞ്ഞു നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച സൗബിൻ സാഹിർ. ദുൽഖർ സൽമാൻ നായകനായ ചാർലിയിൽ കള്ളൻ വേഷത്തിലെത്തിയ സൗബിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരം കള്ളൻ വേഷത്തിലെത്തുന്ന മറ്റൊരു ചിത്രമാണ് കള്ളൻ ഡിസൂസ. ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിലേതായി പുറത്തുവന്ന ഒരു ഗാനം.

തനിച്ചാകുമീ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ഷഹബാസ് അമന്റെ ആലാപനം തന്നെയാണ് ഗാനത്തിന്റെ മുഖ്യാകർഷണം. ഹരിനാരായണന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് പ്രശാന്ത് കർമ്മയാണ്. അതേസമയം നേരത്തെ പുറത്തിറങ്ങിയ ‘കിത്താബാ’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. ലിജോ ടോമും ജെയിംസ് തകരയും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജെയിംസ് തകരയാണ്.

Read also; ‘മമ്മൂക്കയെ കണ്ടപ്പോൾ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല’; സ്വപ്നം സഫലമായ നിമിഷത്തെക്കുറിച്ച് കുഞ്ഞാരാധകൻ

ചിത്രത്തിൽ സൗബിനൊപ്പം ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, സുരഭി ലക്ഷ്മി എന്നിവരും അഭിനയിക്കുന്നുണ്ട്. റൂബി ഫിലിംസിന്റെ ബാനറിൽ സാന്ദ്ര തോമസ് ആണ് ചിത്രം നിർമിക്കുന്നത്.

സൗബിൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രവും സിനിമ ലോകത്തിന് പുതിയൊരു സംവിധായകനെ കൂടി സമ്മാനിച്ചു. ഇതിനോടകം വെള്ളിത്തിരയിൽ തിരക്കുള്ള താരമായിമാറിയ സൗബിൻ നായകനാകുന്ന ജൂതൻ, വെള്ളരിക്ക പട്ടണം, മ്യാവൂ തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story highlights; Thanichakumee Official Video Song Kallan D’Souza