‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ബോളിവുഡിലേക്ക്; റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കിയത് നടൻ ഹര്‍മാന്‍ ബവേജ
കഴിഞ്ഞ വർഷം ദേശീയ തലത്തിലും ആഗോളതലത്തിലും ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രമായിരുന്നു ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.’ തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
റീമേക്ക് ചെയ്യാനുള്ള റൈറ്റ്‌സ് ഹിന്ദി നടനും നിർമാതാവുമായ ഹര്‍മാന്‍ ബവേജ സ്വന്തമാക്കിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഹര്‍മാന്‍ ബവേജയും വിക്കി ബാഹ്‌രിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം 2022 ന്റെ പകുതിയോടെ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നത്. സിനിമയില്‍ അഭിനയിക്കാനായി രണ്ട് പ്രമുഖ താരങ്ങളെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
നേരത്തെ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ആര്‍. കണ്ണന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ദുര്‍ഗരം ചൗധരിയും നീല്‍ ചൗധരിയും ചേര്‍ന്നാണ്.
‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ കഴിഞ്ഞ വർഷം ജനുവരി 15നാണ് റിലീസ് ചെയ്യപ്പെട്ടത്. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും നായികാനായകന്മാരായ ചിത്രം നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കൈകാര്യം ചെയ്ത വിഷയത്തിന്‍റെ പ്രാധാന്യവും അവതരണത്തിലെ മൂര്‍ച്ഛയും കൊണ്ട് ആദ്യദിനത്തില്‍ തന്നെ വലിയ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ബിബിസി ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടംപിടിച്ചിരുന്നു. ചിത്രം പിന്നീട് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലും റിലീസ് ചെയ്തിരുന്നു.
Story Highlights: The Great Indian Kitchen hindi remake