‘ആഷിഖ് ഏട്ടൻ എന്റെ മികച്ച പ്രകടനം പുറത്തെടുക്കുന്നയാൾ’; ‘നാരദൻ’ വ്യത്യസ്തമായ സിനിമയെന്ന് ടൊവിനോ
വളരെ കുറച്ചു കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിയ നടനാണ് ടൊവിനോ തോമസ്. മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച ടൊവിനോ ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള യുവതാരങ്ങളിലൊരാൾ കൂടിയാണ്. ‘മിന്നൽ മുരളി’ എന്ന ഒറ്റ ചിത്രത്തിലൂടെ ഇപ്പോൾ ദേശീയ തലത്തിലും ആഗോള തലത്തിലും കൂടി പ്രശസ്തിയിലേക്ക് എത്തിയിരിക്കുകയാണ് ടൊവിനോ. വലിയ വിജയമായി മാറിയ ‘മിന്നൽ മുരളിക്ക്’ ശേഷം അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം ആഷിഖ് അബുവിന്റെ ‘നാരദൻ’ ആണ്.
അഭിനയത്തില്‍ തന്റെ മികച്ച പ്രകടനം പുറത്തെടുക്കുന്ന സംവിധായകരില്‍ ഒരാളാണ് ആഷിഖ് അബുവെന്നാണ് ടൊവിനോ പറയുന്നത്. വളരെ വ്യത്യസ്തമായ കഥാപശ്ചാത്തലമാണ് ചിത്രത്തിന്റേതെന്നും ‘മിന്നൽ മുരളി’യിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് താൻ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും ടൊവിനോ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“എന്റെ ഏറ്റവും ബെസ്റ്റ് പുറത്തെടുക്കുന്ന സംവിധായകരില്‍ ഒരാളാണ് ആഷിഖ് ഏട്ടന്‍. മിന്നല്‍ മുരളിക്ക് ശേഷം ഇനി എന്റേതായി റിലീസ് ചെയ്യേണ്ട ചിത്രം നാരദനാണെന്ന് എനിക്ക് തോന്നാറുണ്ട്. വളരെ വ്യത്യസ്തമായൊരു കഥ പശ്ചാത്തലവും കഥാപാത്രവുമാണ് നാരദനിലേത്. അതില്‍ തന്നെ കഥാപാത്രത്തിന്റെ രണ്ട് തലങ്ങളാണ് കാണിക്കുന്നത്. അവര്‍ക്കൊപ്പം സിനിമ ചെയ്യുമ്പോള്‍ നമുക്ക് തെറ്റ് പറ്റാതിരിക്കാനുള്ള സാധ്യത കുറവാണ്. കാരണം വളരെ വ്യക്തമായി ഗൈഡ് ചെയ്ത് അതേസമയം നമുക്ക് ചെയ്യാനുള്ള സ്വാതന്ത്ര്യവും തരുന്ന ഒരു പ്രോസസ് ആണ് ആഷിഖ് ഏട്ടന്റെ. നാരദന്റെ റിലീസിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്” – ടൊവിനോ അഭിമുഖത്തിൽ പറഞ്ഞു.
Read More: ഇന്ത്യ-വെസ്റ്റിൻഡീസ് പരമ്പരയ്‌ക്കൊരു മലയാളി ടച്ച്; റിസർവ് ടീമിലിടം നേടി കായംകുളം സ്വദേശി എസ്.മിഥുൻ
നേരത്തെ ആഷിഖ് അബുവിന്റെ തന്നെ ‘മായാനദി’യിലും ‘വൈറസ്’ലും ടൊവിനോ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ‘മായാനദി’യിലെ ടൊവിനോയുടെ മാത്തൻ വലിയ പ്രേക്ഷകസ്വീകാര്യത നേടിയ കഥാപാത്രമായിരുന്നു.
Story Highlights: Tovino about Ashiq Abu as a director