“എല്ലാവരും ഡാർക്ക് അടിച്ചിരിക്കുവല്ലേ, നമുക്കൊരു എന്റര്‍ടെയിനര്‍ ചെയ്യാം”; ആറാട്ടിന്റെ ആരംഭം നടൻ മോഹൻലാലിൽ നിന്ന് തന്നെയെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ
മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള സിനിമയാണ് ‘ആറാട്ട്.’ ഏറെ നാളുകൾക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രമായ ആറാട്ടിനായി വലിയ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഫെബ്രുവരി 18 ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഉദയകൃഷ്ണ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.
കൊവിഡ് സമയത്ത് എല്ലാവരും ഡാര്‍ക്കടിച്ചിരിക്കുവാണ്, തിയറ്റര്‍ തുറക്കുമ്പോഴേക്ക് ഒരു എന്റര്‍ടെയിനര്‍ ചെയ്യാമല്ലേ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തില്‍ നിന്നാണ് ആറാട്ട് എന്ന സിനിമയിലെത്തിയതെന്നാണ് തിരക്കഥാകൃത്ത് ഉദയകൃഷ്ണ പറയുന്നത്. പുലിമുരുകന്‍ എന്ന വന്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രമാണ് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്. ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൊവിഡിന് മുമ്പ് മറ്റൊരു ചിത്രമാണ് മോഹന്‍ലാലുമായി ആലോചിച്ചതെന്നും നിയന്ത്രണങ്ങളെ തുടര്‍ന്ന് ആറാട്ടിലേക്ക് എത്തുകയായിരുന്നുവെന്നും ഉണ്ണിക്കൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. 500 ലേറെ സ്‌ക്രീനുകളിലായാണ് ആറാട്ട് റിലീസിനെത്തുക.
”ബി. ഉണ്ണികൃഷ്ണനുമായി ഒരു പ്രോജക്ട് ചെയ്യാനിരിക്കെ പെട്ടെന്നാണ് കൊവിഡ് കാരണം സിനിമകള്‍ നിന്നുപോകുന്നത്. അങ്ങനെ എന്ത് ചെയ്യുമെന്ന് കരുതിയിരിക്കുമ്പോഴാണ് ലാലേട്ടന്റെ ചോദ്യം. എല്ലാവരും ഡാര്‍ക്കടിച്ചിരിക്കുകയാണ്, തിയേറ്റർ തുറക്കുമ്പോള്‍ ഒരു എന്റര്‍ടെയനര്‍ ചെയ്യാമല്ലേ എന്ന്. ആദ്യം ഒന്ന് പതറി. പിന്നീടാണ് നെയ്യാറ്റിക്കര ഗോപന്‍ എന്ന കഥാപാത്രത്തെ കിട്ടിയത്. അയാള്‍ എന്തിന് ആ ഗ്രാമത്തില്‍ വരുന്നു, എന്താണ് അയാള്‍, ഇങ്ങനെ ചിന്തിച്ചപ്പോഴാണ് ഉണ്ണികൃഷ്ണനുമായി സംസാരിക്കുന്നത്” – ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ ഉദയകൃഷ്ണ പറഞ്ഞു.
Read More: ഇത് സാധാരണ സ്ട്രോബറിയല്ല, വിളഞ്ഞത് ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ട്രോബറി, ഭാരം- 289 ഗ്രാം
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു. ഒരു മുഴുനീള മാസ് എന്റർടെയ്നർ ചിത്രമായിരിക്കും ആറാട്ട് എന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്. വില്ലൻ എന്ന ചിത്രത്തിന് ശേഷം ബി.ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.
Story Highlights: Udaykrishna on Aarattu