തെലുങ്കിലും തിളങ്ങി ഉണ്ണി മുകുന്ദൻ; ഖിലാഡി ട്രെയ്ലർ വൈറൽ
നിരവധി മികച്ച കഥാപാത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന് പുറമെ അന്യഭാഷകളിലും തിരക്കുള്ള താരമായി മാറിയ ഉണ്ണി മുകുന്ദന്റെ തെലുങ്ക് ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമ പ്രേമികളിൽ ആവേശം നിറയ്ക്കുന്നത്. ഖിലാഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മുകുന്ദൻ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ രവി തേജയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നടൻ രവി തേജയുടെ വില്ലനായാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ വേഷമിടുന്നത്. ഇത് ഉറപ്പിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയ്ലറും. ഉണ്ണി മുകുന്ദന് പുറമെ തമിഴ് താരം അർജുനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രമേശ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡിംപിൾ ഹ്യാട്ടിയാണ് നായിക. സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സത്യനാരായണ കേന്നേറുവാന് ചിത്രം നിർമിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജനത ഗാരേജ്, ബാഗമതി എന്നീ ചിത്രങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ വീണ്ടും തെലുങ്കിലേക്ക് എത്തുന്ന ചിത്രമാണ് ഖിലാഡി.
Read also: ഡൗൺ സിൻഡ്രോമിനെ തോൽപ്പിച്ചു; ഫാഷൻ ലോകത്തേക്ക് ചുവടുവെച്ച് ഒരു 22 കാരി
അതേസമയം മേപ്പടിയാൻ ആണ് ഉണ്ണി മുകുന്ദന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിയതും. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ മികച്ച ചിത്രം എന്ന അഭിപ്രായത്തോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. അതേസമയംഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘ബ്രൂസ് ലീ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 25 കോടിയോളം മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. മാസ് ആക്ഷൻ എന്റർടൈനർ നിർമിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആണ്.
Story highlights: Unni Mukundan Khiladi trailer