ഇങ്ങനെയൊരു സിനിമ പിന്നീട് മലയാളത്തിൽ സംഭവിച്ചിട്ടില്ല; തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമയെപ്പറ്റി വിനീത് ശ്രീനിവാസൻ

February 1, 2022

മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയഹാസ്യ സിനിമകളിലൊന്നാണ് ‘സന്ദേശം.’ നടൻ ശ്രീനിവാസൻ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാടാണ്. സിനിമകളിലൂടെയും ട്രോളുകളിലൂടെയും ഇന്നും മലയാളികൾ ആഘോഷിക്കുന്ന ഒരു ചിത്രം കൂടിയാണ് 1991-ൽ പുറത്തിറങ്ങിയ ‘സന്ദേശം.’ ഇപ്പോൾ ‘സന്ദേശം’ തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ.

ചെറുപ്പത്തിൽ തന്നെ ഏറെ സ്വാധീനിച്ച സിനിമയാണ് ‘സന്ദേശം’ എന്നാണ് വിനീത് പറയുന്നത്. ‘സന്ദേശം’ പോലൊരു രാഷ്ട്രീയഹാസ്യ സിനിമ പിന്നീട് മലയാളത്തില്‍ സംഭവിച്ചിട്ടില്ലെന്നും വിനീത് കൂട്ടിച്ചേർത്തു. ഏറ്റവും ഇഷ്ടപെട്ട സിനിമകളേതെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് വിനീത് ചിത്രത്തെ പറ്റി വാചാലനായത്. ‘തേന്മാവിൻ കൊമ്പത്ത്’ ആയിരുന്നു തന്റെ ചെറുപ്പത്തിലെ മറ്റൊരു പ്രിയപ്പെട്ട സിനിമയെന്നും വിനീത് പറഞ്ഞു.

“തിയേറ്ററില്‍ കണ്ട സിനിമകളില്‍ അന്ന് ഏറെ ഇഷ്ടപ്പെട്ടത് ‘തേന്‍മാവിന്‍ കൊമ്പത്താ’ണ്. എന്നാല്‍ നമ്മള്‍ വളരുന്നത് അനുസരിച്ച് ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടി കൂടി വരുന്ന സിനിമ സന്ദേശമാണ്. രാഷ്ട്രീയ പ്രസക്തിയുള്ള സിനിമ എന്നതിനേക്കാള്‍ കൂടുതല്‍ സറ്റയറിക്കലായി കാര്യങ്ങള്‍ അവതരിപ്പിച്ച അവതരണ ശൈലിയാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. സന്ദേശം പോലൊരു രാഷ്ട്രീയഹാസ്യ സിനിമ അതിന് ശേഷം മലയാളത്തില്‍ സംഭവിച്ചിട്ടില്ല. ഇന്ന് കാണുമ്പോഴും ‘സന്ദേശം’ കാലിക പ്രസക്തിയുള്ളൊരു സിനിമയായി മാറുന്നു”- വിനീത് ഒരു അഭിമുഖത്തിൽ തന്റെ മനസ്സ് തുറന്നു.

Read More: ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി ഒരു വിജയമെന്ന് പോണ്ടിങ്ങ്; ടെസ്റ്റ് ക്യാപ്റ്റനായി തുടരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു

‘ഹൃദയമാ’ണ് തിയേറ്ററുകളിലെത്തിയ വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ വിനീത് ശ്രീനിവാസന്റേതാണ്. മെരിലാന്‍ഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Story Highlights: Vineeth Sreenivasan says that ‘Sandesham is his favourite film