“ലാലേട്ടൻ ആറാടുകയാണ്”; വൈറലായ മോഹൻലാൽ ആരാധകൻ സന്തോഷ് വര്‍ക്കിയുമായി അഭിമുഖം- വീഡിയോ

February 22, 2022

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ബി.ഉണ്ണികൃഷ്ണന്റെ മോഹൻലാൽ ചിത്രം ‘ആറാട്ട്’ തിയേറ്ററുകളിലെത്തിയപ്പോൾ വമ്പൻ വരവേൽപ്പുമായാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്. കേരളത്തിലുടനീളം പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടിയാണ് ചിത്രം പ്രദർശനം തുടരുന്നത്. മോഹൻലാൽ ആരാധകരെ കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

‘ആറാട്ടിന്റെ’ റിലീസ് ദിവസം വൈറലായ ഒരു വീഡിയോയായിരുന്നു മോഹൻലാൽ ആരാധകനായ ഒരാളുടെ പ്രതികരണം. ‘ആറാട്ട്’ എന്ന ചിത്രത്തെ കുറിച്ച് ആവേശത്തോടെ ഒരാള്‍ തന്റെ അഭിപ്രായം പറയുന്നതിന്റെ വീഡിയോയായിരുന്നു അത്. ‘ആറാട്ടി’നെ കുറിച്ച് ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്യുന്ന ആളെ ഓഡിയൻസ് റെസ്‍പോണ്‍സ് വീഡിയോയില്‍ നിറഞ്ഞുകാണാമായിരുന്നു. മോഹൻലാല്‍ ആറാടുകയാണ് എന്ന് പറഞ്ഞ് ട്രോളുകളിലും നിറഞ്ഞ സന്തോഷ് വര്‍ക്കി എന്ന ആരാധകന്റെ ഇന്റർവ്യൂ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

എൻജിനീയര്‍ ആയ സന്തോഷ് വര്‍ക്കി ഇപ്പോള്‍ ഫിലോസഫിയില്‍ പിഎച്ച്‍ഡി ചെയ്യുകയാണെന്ന് അഭിമുഖത്തില്‍ പറയുന്നു. താൻ ജനിച്ച വര്‍ഷമാണ് മോഹൻലാല്‍ സൂപ്പര്‍സ്റ്റാര്‍ ആയതെന്നും മോഹൻലാല്‍ നായകനാകുന്ന ചിത്രങ്ങളോട് പ്രത്യേക മമതയുണ്ടെങ്കിലും എല്ലാ ചിത്രങ്ങളും കാണാറുണ്ടെന്നും സന്തോഷ് കൂട്ടിച്ചേർത്തു. മോഹൻലാലിനെ കുറിച്ച് താൻ ഒരു പുസ്‍കതം എഴുതിയതിനെ കുറിച്ചും സന്തോഷ് അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. സിനിമ കഴിഞ്ഞപ്പോൾ തന്റെ അഭിപ്രായം നിഷ്‍കളങ്കമായി പറഞ്ഞതാണെന്നും ട്രോളുകളെ താൻ തമാശയായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും സന്തോഷ് വര്‍ക്കി പറയുന്നു.

ആഗോള തലത്തില്‍ മൂന്ന് ദിവസം കൊണ്ട് 17.80 കോടി രൂപയാണ് ആറാട്ട് കളക്ട് ചെയ്തിരിക്കുന്നത്. മോഹൻലാല്‍ നായകനായ ചിത്രം വൻ വിജയമായി മാറിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബി. ഉണ്ണികൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്തത്.

Read More: ഗ്രീൻലാൻഡിലെ നിറപ്പകിട്ടാർന്ന കെട്ടിടങ്ങൾക്ക് പിന്നിൽ ഒരു രഹസ്യമുണ്ട്..

‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി. ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ആറാട്ട്. പുലിമുരുകന്‍ എന്ന വന്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയെഴുതിയ ചിത്രം കൂടിയാണ് ആറാട്ട്.

Story Highlights: Viral mohanlal fan