ബാൽക്കണിയിൽ നിന്ന് താഴെവീണ വസ്ത്രമെടുക്കാൻ ബെഡ്ഷീറ്റ് കെട്ടി മകനെ താഴെയിറക്കി ‘അമ്മ,- വിമർശിച്ച് സോഷ്യൽ മീഡിയ
കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു വിഡിയോ. പത്താം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും താഴേക്ക് വീണ വസ്ത്രമെടുക്കാൻ സ്വന്തം മകനെ ബെഡ്ഷീറ്റിൽ കെട്ടി താഴേക്കിറക്കുന്ന ഒരമ്മയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതെളിയിക്കുന്നത്. സംഭവം നടന്നത് ഹരീദാബാദിലെ സെക്ടർ 82 സൊസൈറ്റിയിലാണ്. പത്താം നിലയിലെ താമസക്കാരായ സ്ത്രീയും അവരുടെ മകനുമാണ് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്.
എതിർവശത്തെ ഫ്ലാറ്റിൽ താമസിക്കുന്ന ഒരു വ്യക്തിയാണ് ഈ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വളരെയധികം സാഹസീകമായാണ് ഈ സ്ത്രീ മകനെ താഴേക്ക് ഇറക്കുന്നത്. ബാൽക്കണിയിൽ വിരിച്ചിരുന്ന സാരി താഴത്തെ ഫ്ലാറ്റിലേക്ക് വീണതിനെത്തുടർന്നാണ് ഇവർ തുണികെട്ടി മകനെ താഴേക്ക് ഇറക്കിയത്. ഒമ്പതാം നിലയിലെ പൂട്ടിക്കിടക്കുന്ന ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്കാണ് സാരി വീണത്. അതുകൊണ്ടുതന്നെ ഇതെടുക്കാൻ മറ്റൊരു വഴിയും ഇല്ലാതെ വന്നതോടെയാണ് സ്വന്തം മകനെ താഴേക്ക് ഇറക്കാൻ ഈ സ്ത്രീ തീരുമാനിച്ചത്. ഇതിനായി മകന്റെ ദേഹത്ത് ബെഡ്ഷീറ്റ് കെട്ടിയശേഷം ഈ സ്ത്രീയും ബന്ധുക്കളും ചേർന്ന് മകനെ പതിയെ താഴേക്ക് ഇറക്കുകയായിരുന്നു. താഴെയെത്തി സാരി എടുത്ത മകനെ ഇവർ തിരികെ വലിച്ചുകയറ്റുന്നതും വിഡിയോയിൽ കാണുന്നുണ്ട്.
Read also: സ്നേഹത്തിന് മുന്നിൽ ഉയരവും തടസ്സമായില്ല; ഹൃദയംതൊട്ട് 19 കാരനെ പ്രണയിച്ച 32 കാരിയുടെ പ്രണയകഥ
അതേസമയം സ്വന്തം മകന്റെ ജീവൻ പണയംവെച്ച് ഇങ്ങനെയൊരു സാഹസീക പ്രവർത്തിചെയ്ത സ്ത്രീയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ഉയരുന്നത്. സാരി എടുക്കാൻ മറ്റ് മാർഗങ്ങൾ സ്വീകരിക്കാമായിരുന്നുവെന്നും, ഇത്തരത്തിലൊരു ബുദ്ധിമോശം ചെയ്യാൻ എങ്ങനെ ഒരമ്മയ്ക്ക് കഴിഞ്ഞുവെന്നും തുടങ്ങി നിരവധി വിമർശനങ്ങളാണ് വിഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആ സമയത്തെ ഒരു തോന്നലിൽ ചെയ്തതാണെന്നും ഇപ്പോൾ താൻ അതിൽ ഖേദിക്കുന്നുവെന്നും പിന്നീട് യുവതി പറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്.
Story highlights: Viral Video of Mother Hangs Her Child To Pick Up Saree From The Balcony