‘മധുരരാജ’ക്ക് ശേഷം ‘നൈറ്റ് ഡ്രൈവ്’; വൈശാഖ് ചിത്രം മാർച്ച് 11 ന് തിയേറ്ററുകളിലേക്ക്
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളുടെ സംവിധായകനാണ് വൈശാഖ്. പുലിമുരുഗൻ, പോക്കിരിരാജ, മധുരരാജ, മല്ലു സിംഗ് അടക്കമുള്ള മെഗാഹിറ് ചിത്രങ്ങളുടെ സംവിധായാകനായ വൈശാഖ് തന്നെയാണ് ഈ ചിത്രങ്ങളിലൂടെ മലയാളത്തിലെ മെഗാ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും അവരുടെ ഏറ്റവും വലിയ വിജയചിത്രങ്ങൾ നൽകിയതും. ഇപ്പോൾ തന്റെ സ്ഥിരം സിനിമകളിൽ നിന്ന് മാറിയുള്ള ഒരു പരീക്ഷണ ചിത്രവുമായി എത്തിയിരിക്കുകയാണ് വൈശാഖ്.
‘നൈറ്റ് ഡ്രൈവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം മാര്‍ച്ച് 11 ന് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തും. വൈശാഖ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ദ്രജിത്ത് സുകുമാരന്‍, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീറ്റ പിന്റോ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
മലയാളത്തിന് പരിചിതമല്ലാത്ത ശൈലിയിലുള്ള ചിത്രമാണ് നൈറ്റ് ഡ്രൈവ് എന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നേരത്തെ പറഞ്ഞിരുന്നു. ഷാജികുമാര്‍ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ രഞ്ജിന്‍ രാജ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. വേട്ടയാടപ്പെട്ടവര്‍ വേട്ടക്കാരായി മാറുന്ന നൈറ്റ് ഡ്രൈവ് എന്നാണ് ചിത്രത്തിന്റെ ക്യാപ്ക്ഷന്‍.
മമ്മൂട്ടി ചിത്രം മധുരരാജക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നൈറ്റ് ഡ്രൈവ്. കൊച്ചിയില്‍ ഒറ്റ ഷെഡ്യൂളിലായിരുന്നു ചിത്രീകരണം പൂർത്തിയായത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാൽ നായകനാവുന്ന മോണ്‍സ്റ്ററാണ് ഇനി വരാനിരിക്കുന്ന വൈശാഖ് ചിത്രം.
Story Highlights: Vysakh’s ‘Night Drive’ release date