നീണ്ട ഉറക്കത്തിന് ശേഷം ഉണരുമ്പോൾ മുഖത്തിനുണ്ടാകുന്ന മാറ്റത്തിന്റെ രഹസ്യമിതാണ്..

February 9, 2022

നല്ലൊരു ഉറക്കത്തിന് മനുഷ്യന്റെ പകുതി പ്രശ്നങ്ങളെയും കുറയ്ക്കാൻ സാധിക്കും എന്ന് പറയാറുണ്ട്. കാരണം, രാവിലെ മുതലുള്ള അലച്ചിലുകൾക്ക് ഒടുവിൽ ഒരു സുഖനിദ്ര ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. എത്ര മനോഹരമായ ദിവസമായാലും മോശം ദിവസമായാലും ഒന്ന് സ്വസ്ഥമായി ഉറങ്ങിയാൽ മതി എന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ നീണ്ട ഉറക്കത്തിന് ശേഷം ഉണരുമ്പോൾ പക്ഷെ നമ്മുടെ മുഖം തന്നെ മാറും. ശ്രദ്ധിച്ചിട്ടുണ്ടോ ഈ മാറ്റം? ഉറങ്ങും മുൻപുള്ള ആകൃതിയല്ല ഉണരുമ്പോൾ മുഖത്തിന്.

ഇത് എല്ലാവരിലും ഒരുപോലെ സംഭവിക്കാറുണ്ട്. ദിവസേന നമ്മൾ അഭിമുഖീകരിക്കാറുള്ള കാര്യവുമാണ്. പക്ഷെ ഇത്രയധികം നന്നായി ഉറങ്ങിയിട്ടും എന്താണ് ഇങ്ങനെ സംഭവിക്കാൻ കാരണം എന്നറിയാമോ? ഒരു നീണ്ട ഉറക്കത്തിനു ശേഷം നമ്മുടെ മുഖഭാവത്തിൽ മാറ്റങ്ങൾ വരുത്തുന്ന നിരവധി ശാസ്ത്രീയ കാരണങ്ങളുണ്ടെങ്കിലും, ഭക്ഷണശീലങ്ങൾ, ജീവിതശൈലി, നിർജ്ജലീകരണം, കിടപ്പിന്റെ രീതി എന്നിവ ഇതിന് കാരണമാകുന്നു.

പഠനങ്ങൾ അനുസരിച്ച് ഫേഷ്യൽ പഫ്നെസ് എന്നത് ഫേഷ്യൽ ടിഷ്യുവിന്റെ വീക്കം ആണ്. മുഖത്ത് ദ്രാവകം അടിഞ്ഞുകൂടുന്നതിന്റെ ഫലമാണ് ഈ മുഖഭാവത്തിന്റെ വ്യത്യാസത്തിന് പിന്നിൽ. ചർമ്മത്തിന് താഴെയാണ് ഈ മാറ്റങ്ങൾ സംഭവിക്കുക. മെഡിക്കൽ ന്യൂസ് ടുഡേയുടെ റിപ്പോർട്ട് പ്രകാരം, പകൽ സമയത്ത് ഉറങ്ങാൻ കിടക്കുമ്പോൾ സാധാരണയേക്കാൾ കൂടുതൽ ദ്രാവകം തലയിലും പരിസരത്തും അടിഞ്ഞുകൂടുന്നു എന്നാണ്. ഉറക്കത്തിന്റെ ദൈർഘ്യം അനുസരിച്ച് ഇത് വ്യത്യാസപ്പെടും.

മുഖം വീർക്കുന്നത് സാധാരണയായി ദ്രാവകം നിലനിർത്തുന്നതിന്റെ ഭാഗമാണ്. ഇതൊരു സൗന്ദര്യ, ആരോഗ്യപ്രശ്നമല്ല. എല്ലാവരും അഭിമുഖീകരിക്കാറുള്ള ഒരു ദൈനംദിന കാര്യം മാത്രം. അതായത്, നീണ്ട ഉറക്കത്തിനു ശേഷമുള്ള ഈ വ്യത്യാസം താൽക്കാലികം മാത്രമാണ്. എഴുന്നേറ്റ് ഒന്ന് നടക്കുമ്പോളോ മറ്റെന്തെങ്കിലും പ്രവർത്തികളിൽ ഏർപെടുമ്പോഴോ ഇത് സാധാരണ നിലയിലാകുകയും ചെയ്യും.അതേസമയം, കിടപ്പിന്റെ നിലയും മുഖം വീർക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. മുഖം മുകളിലേക്ക് ആക്കി ഉറങ്ങുന്നവരെ അപേക്ഷിച്ച് മുഖം കമിഴ്ത്തി ഉറങ്ങുന്നവരുടെ മുഖത്ത് ഈ വീക്കം കൂടുതലായിരിക്കും.

Story highlights- why your face looks different after a long sleep?