പുറം കൈയിൽ കുറിച്ച ഫോൺ നമ്പറും, ബാഗുമായി ഒറ്റയ്ക്ക് യുക്രൈൻ അതിർത്തി കടന്ന പതിനൊന്നുകാരൻ; പിന്നിൽ ഉള്ളുതൊടുന്നൊരു കഥ
റഷ്യ യുക്രൈനെ ആക്രമിച്ചതിന് ശേഷം വേർപിരിയലിന്റെയും നഷ്ടങ്ങളുടെയും നൂറുകണക്കിന് ഹൃദയഭേദകമായ അനുഭവങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും ശ്രദ്ധനേടുന്നത്. നെയ്തുകൂട്ടിയ സ്വപ്നങ്ങളും ജീവിതവും പാതിവഴിയിൽ ഉപേക്ഷിച്ച് പലരും നാട് വിട്ടകലുന്ന കാഴ്ചകൾ മാത്രം. പല കാരണങ്ങൾകൊണ്ടും യുദ്ധഭീതിയിലും നാടുവിട്ടുപോകാൻ സാധിക്കാത്തവർ..
ഇപ്പോഴിതാ, സ്ലൊവാക്യൻ പോലീസ് പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്. ഒരു 11 വയസ്സുള്ള യുക്രേനിയൻ ബാലൻ ഒറ്റയ്ക്ക് അതിർത്തി കടന്നതിന്റെ സങ്കടകരമായ കഥയാണ് അവർ പങ്കുവെച്ചിരിക്കുന്നത്. പുറം കയ്യിൽ ഒരു നമ്പറും ബാഗും പാസ്പോർട്ടും മാത്രമായി ഒറ്റയ്ക്ക് അതിർത്തി കടക്കുകയായിരുന്നു ഈ ബാലൻ.
യുക്രൈയ്നിലെ സപോരിജിയ മേഖലയിൽ നിന്ന് അതിർത്തിയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ശേഷമാണ് കുട്ടി സ്ലോവാക്യയിലേക്ക് കടന്നതെന്നാണ് റിപ്പോർട്ട്.മാതാപിതാക്കൾക്ക് യുക്രൈനിൽ തുടരേണ്ടി വന്നതിനാലാണ് ബാലന് ഒറ്റയ്ക്ക് നാടുവിടേണ്ട അവസ്ഥ ഉണ്ടായത്.
ഫേസ്ബുക്കിലാണ് ഹൃദയഭേദകമായ ഈ കഥ സ്ലോവാക്യയിലെ പോലീസ് സേന പങ്കുവെച്ചത്. കുട്ടിയുടെ കൈയിൽ പാസ്പോർട്ടും ചെറിയ ബാഗും ഫോൺ നമ്പറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ലൊവാക്യയിലേക്ക് കടന്നപ്പോൾ സന്നദ്ധപ്രവർത്തകർ ബാലനെ പരിചരിക്കുകയും ഭക്ഷണവും പാനീയങ്ങളുമൊക്കെ നൽകുകയും ചെയ്തു.
‘സാപോറോഷെയിൽ നിന്നുള്ള 11 വയസ്സുള്ള ഒരു ആൺകുട്ടി ഒറ്റയ്ക്കാണ് യുക്രൈനിൽ നിന്ന് അതിർത്തി കടന്ന് സ്ലൊവാക്യയിലേക്ക് വന്നത്. ഒരു പ്ലാസ്റ്റിക് ബാഗും പാസ്പോർട്ടും ഫോൺ നമ്പറും കയ്യിൽ എഴുതിയിട്ടാണ് അവൻ എത്തിയത്. മാതാപിതാക്കൾക്ക് യുക്രൈനിൽ തന്നെ താമസിക്കേണ്ടി വന്നതിനാൽ ഒറ്റയ്ക്ക് അതിർത്തി കടക്കേണ്ടി വന്നു’ പോസ്റ്റിൽ പറയുന്നു. ഇത്രയും കഠിനമായ അവസ്ഥയിൽ ആ കുട്ടിയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയാണ് യുദ്ധമുഖത്തുനിന്നുമുള്ള ഏക സമാധാനകാരമായ കാഴ്ച.
Story highlights- 11-year-old Ukrainian boy who crossed the border alone