അച്ഛന്റെയും അപ്പൂപ്പന്റെയും കൈപിടിച്ച് അൻവി- വിഡിയോ പങ്കുവെച്ച് അർജുൻ അശോകൻ
മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിക്കഴിഞ്ഞു അർജുൻ അശോകൻ. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. സിനിമ വിശേഷങ്ങൾക്ക് പുറമെ അർജുൻ അശോകൻ കുടുംബ വിശേഷങ്ങളും പതിവായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഹൃദ്യമായൊരു വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. അർജുന്റെയും അച്ഛൻ ഹരിശ്രീ അശോകന്റെയും കൈപിടിച്ച് നടക്കുന്ന മകളുടെ വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഭാര്യ നിഖിതയാണ് വിഡിയോ പകർത്തിയിരിക്കുന്നത്.
അച്ഛന്റെ സ്നേഹവും മുത്തച്ഛന്റെ ലോകവും എന്ന കുറിപ്പിനൊപ്പമാണ് അർജുൻ അശോകൻ വിഡിയോ പങ്കുവെച്ചത്. കഴിഞ്ഞ വർഷംനവംബർ 25 നാണ് അർജുൻ അശോകനും ഭാര്യ നിഖിതയ്ക്കും പെൺകുഞ്ഞു പിറന്നത്. അർജുൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. അർജുനും നിഖിതയും എട്ടുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. 2018 ഡിസംബർ 3-നായിരുന്നു ഇവരുടെ വിവാഹം.
അച്ഛനെ പോലെത്തന്നെ ഏറെ ആരാധകരുള്ള താരമാണ് മകൻ അർജുൻ അശോകനും. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി ആരാധകരെ താരം നേടിയെടുത്തു കഴിഞ്ഞു. ‘പറവ’യിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ ‘വരത്തനി’ല്‍ വില്ലന്‍ വേഷത്തിലൂടെയും അര്‍ജുന്‍ ശ്രദ്ധേയനായി. ആസിഫ് അലി നായകനായ ‘മന്ദാര’ത്തിലും പ്രധാന വേഷത്തില്‍ അര്‍ജുന്‍ എത്തിയിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ‘ഉണ്ട’, രജിഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ജൂൺ’ എന്നീ ചിത്രങ്ങളിലും താരം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സൂപ്പർ ശരണ്യയിലാണ് താരം ഏറ്റവും ഒടുവിൽ വേഷമിട്ടത്.