സടകുടഞ്ഞെഴുന്നേൽക്കാൻ ബ്ലാസ്റ്റേഴ്സ്; മഞ്ഞപ്പട യൂറോപ്പിൽ പരിശീലനത്തിനൊരുങ്ങുന്നു

വമ്പൻ ഫോമിലായിരുന്നു ഐഎസ്എല്ലിന്റെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ്. തുടക്കത്തിൽ ചെറുതായൊന്ന് പതറിയെങ്കിലും പിന്നീടങ്ങോട്ട് ബ്ലാസ്റ്റേഴ്സിന്റെ തേരോട്ടമായിരുന്നു സീസണിലുടനീളം. സെമിയിൽ ജംഷഡ്പൂരിനെ തകർത്തെറിഞ്ഞാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് പ്രവേശനം നേടിയത്. ഫൈനലിലും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പെനാൽറ്റി ഷൂട്ടൗട്ട് എന്ന കടമ്പയിൽ തട്ടി വീഴുകയായിരുന്നു കേരളത്തിന്റെ മഞ്ഞപ്പട.
പക്ഷെ തീരുമാനിച്ചുറപ്പിച്ച് തന്നെയാണ് ബ്ലാസ്റ്റേഴ്സും കോച്ച് ഇവാൻ വുകോമനോവിച്ചും ഇറങ്ങിയിരിക്കുന്നത്. ഐഎസ്എല്ലിന്റെ അടുത്ത സീസണിലേക്ക് ഇപ്പോഴേ പരിശീലനം തുടങ്ങാനാണ് ടീമിന്റെ തീരുമാനം. വരുന്ന ജൂലൈയിൽ തന്നെ പ്രീസീസൺ ക്യാമ്പ് തുടങ്ങുമെന്നാണ് ടീമിന്റെ സ്പോർട്ടിങ് ഡയറക്ടറായ കരോളിസ് സ്കിൻ കിസ് പറയുന്നത്. കൊച്ചിയിലായിരിക്കും ക്യാമ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിസർവ് ടീമിലെ അടക്കം താരങ്ങളുടെ പ്രകടനം പ്രീസീസണിൽ വിലയിരുത്തപ്പെടുമെന്നും അതിന്റെ അടിസ്ഥാനത്തിലായിരിക്കും സീനിയർ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുകയെന്നും കരോളിസ് പറഞ്ഞു.
പ്രീസീസൺ രണ്ടാം ഘട്ട ക്യാമ്പിന് ബ്ലാസ്റ്റേഴ്സ് യൂറോപ്യൻ രാജ്യങ്ങളാണ് ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്. താരങ്ങളുടെ ശാരീരിക ക്ഷമത നന്നായി ഉപയോഗപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങളിലെ പരിശീലനം വളരെ ഉപകാരപ്പെടുമെന്നാണ് കരോളിസ് സ്കിൻ കിസ് പറയുന്നത്. എന്നാൽ എവിടെയായിരിക്കും പരിശീലനം നടക്കുന്നതെന്ന് അദ്ദേഹം പറയുന്നില്ല.
അതേ സമയം ഐഎസ്എൽ ഫൈനലിൽ ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ ആറ് വർഷം മുൻപത്തെ ചരിത്രം അതേപടി ആവർത്തിക്കുക ആയിരുന്നു. ഒരു മലയാളി നേടിയ ഗോളിലൂടെ ലീഡ് നേടി വിജയ പ്രതീക്ഷകൾ നിലനിർത്തിയ ബ്ലാസ്റ്റേഴ്സ് ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ട് എന്ന കടമ്പയിൽ തട്ടി വീണ്ടും വീഴുകയായിരുന്നു. വലിയ ആവേശത്തോടെ ലോകമെങ്ങും ഫൈനൽ മത്സരം കണ്ട കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ നിരാശ നൽകി ഹൈദരാബാദ് എഫ്സി കന്നിക്കിരീടം നേടുകയും ചെയ്തു.
എന്നാൽ തോറ്റതിന്റെ നിരാശയുണ്ടെങ്കിലും തങ്ങൾ എന്നെന്നും ബ്ലാസ്റ്റേഴ്സിനൊപ്പം തന്നെയാണെന്നാണ് ഫൈനലിന് കലൂർ ഫാൻ പാർക്കിലടക്കം ഇന്ത്യയിൽ പല ഭാഗത്തും ബ്ലാസ്റ്റേഴ്സിനായി ആർപ്പുവിളിക്കാൻ തെരുവിലിറങ്ങിയ ആരാധകർ വ്യക്തമാക്കിയത്.
Story Highlights: Blasters going to europe for training