വീണ്ടും ‘ദർശന’ തരംഗം; ഗാനത്തിന്റെ മേക്കിങ് ഡോക്യുമെന്ററി റിലീസായി

March 5, 2022

പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി വമ്പൻ വിജയമായ മലയാള സിനിമയാണ് വിനീത് ശ്രീനിവാസന്റെ ‘ഹൃദയം.’ ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് ഹൃദയത്തിന് ലഭിച്ചത്. ചിത്രത്തിന്റെ റീലീസിന് മുൻപ് തന്നെ ട്രെയ്‌ലറും പാട്ടുകളും വലിയ തരംഗമായി മാറിയിരുന്നു. ‘ദർശന’ എന്ന ഗാനമാണ് ആദ്യം പുറത്തു വന്നത്. റീലീസായ ദിവസം മുതൽ വലിയ ജനപ്രീതി നേടിയ ഗാനമായിരുന്നു ‘ദർശന.’

ഇപ്പോൾ ഗാനത്തിന്റെ മേക്കിങ് ഡോക്യുമെന്ററി റിലീസ് ചെയ്തിരിക്കുകയാണ്. നേരത്തെ യൂട്യൂബിൽ ഗാനത്തിന് 5 കോടി കാഴ്ചക്കാരായിരുന്നു. ഹൃദയത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസൻ തന്നെയാണ് വിവരം പങ്കുവെച്ചത്. പാട്ടിന്റെ ചിത്രീകരണം ചെറിയ ഡോക്യുമെന്ററിയായി ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്തിറക്കുമെന്നും വിനീത് നേരത്തെ തന്നെ അറിയിച്ചിരുന്നു. പിന്നാലെ നിരവധി പേരാണ് ആശംസയുമായി രം​ഗത്തെത്തിയത്. ​ഗാനത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ഹിഷാം അബ്ദുൾ വഹാബാണ്. ഹിഷാമിനൊപ്പം ദർശന രാജേന്ദ്രനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ആരുൺ അലാട്ടിന്റെതാണ് വരികൾ.

നേരത്തെ പ്രണവ് മോഹൻലാലിൻറെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഒരു സവിശേഷതയായി പ്രേക്ഷകർ എടുത്ത് പറഞ്ഞിരുന്നത്. ഇത് വരെ കാണാത്ത ഒരു പ്രണവിനെയാണ് ഹൃദയത്തിൽ കണ്ടതെന്ന് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ അഭിപ്രായപ്പെട്ടിരുന്നു.

Read More: ‘അള്ളാവിൻ കാരുണ്യമില്ലെങ്കിൽ ഭൂമിയിൽ..’; മാപ്പിളപ്പാട്ടിന്റെ നൈർമല്യവുമായി വേദിയുടെ മനസ്സ് നിറച്ച് കുഞ്ഞ് ശ്രീദേവ്

തിയേറ്ററുകളിൽ വലിയ വിജയമായതിന് ശേഷം ഹൃദയം ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിലാണ് ചിത്രം ഫെബ്രുവരി 18 മുതല്‍ സ്ട്രീമിങ്ങ് ആരംഭിച്ചത്. പ്രണവ് മോഹൻലാലിനെ കൂടാതെ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ, അജു വർഗ്ഗീസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധായകനായ ചിത്രം കൂടിയാണ് ഹൃദയം.

Story Highlights: Darshana song making documentary released