മാസ്ക്കൂരി കറക്കി എറിയാൻ വരട്ടെ, എങ്കിലും ചില നിയന്ത്രണങ്ങളൊക്കെ ആകാമോ..?; ശ്രദ്ധനേടി ഡോക്ടറുടെ കുറിപ്പ്

March 12, 2022

കൊവിഡ് കാലം മുതൽ ജീവിതത്തിനൊപ്പം കൂടെക്കൂടിയതാണ് മാസ്ക്. വൈറസ് വ്യാപനം കുറഞ്ഞതോടെ മാസ്ക് ഉപയോഗം കുറയ്ക്കുന്നതിനെപ്പറ്റിയും, പൂർണമായും മാസ്ക് ഒഴിവാക്കുന്നതിനെപ്പറ്റിയുമൊക്കെ പലയിടങ്ങളിലും ചർച്ചകളും ആലോചനകളും തുടങ്ങി. സ്വന്തം വാഹനത്തിൽ തനിയെ യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കണോ ? , ഒറ്റയ്ക്ക് ഇരിക്കുമ്പോൾ മാസ്ക് വേണോ.. ? ആൾക്കൂട്ടം ഇല്ലാത്ത സ്ഥലങ്ങളിൽ എന്തിനാണ് മാസ്ക് ? ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾഉന്നയിക്കപ്പെടുമ്പോൾ ഇതിനെക്കുറിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ ) സമൂഹമാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൾഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം.

ഡോക്ടറുടെ കുറിപ്പ്…

“മാസ്ക്കൂരി മാറ്റിയാലോ”..? ഒരു മില്യൺ ഡോളർ ചോദ്യം ! ആദ്യംചില സ്ഥലങ്ങളിലെങ്കിലും, മാസ്ക് മാറ്റാൻ സമയമായെന്ന് വേണം പറയാൻ. പാൻഡെമികിന് അവസാനമായിയെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിട്ടില്ല തന്നെ. എന്നാൽ ചില നിയന്ത്രണങ്ങൾ ഒഴിവാക്കുവാൻ തീർച്ചയായും സമയമായി.

മാസ്ക്കുപയോഗം പൂർണമായും നിർത്തലാക്കാൻ സമയമായിട്ടില്ലായെന്നുള്ള ശാസ്ത്രസത്യം ലോകത്തെമ്പാടുമുള്ള ആരോഗ്യവിദഗ്ധർ ഉയർത്തുന്നുവെങ്കിലും ചില കാര്യങ്ങൾ പ്രസക്തമാണ്. തുറസ്സായ സ്ഥലങ്ങളിൽ, നല്ല വായു സഞ്ചാരമുള്ള സ്ഥലങ്ങളിൽ, ആൾക്കൂട്ടം ഇല്ലാത്ത സ്ഥലങ്ങളിൽ, സ്വന്തം വാഹനം ഒറ്റയ്ക്കോടിക്കുമ്പോൾ, മാസ്ക് ഉപയോഗം ഒരുതരത്തിലും ശാസ്ത്രം സപ്പോർട്ട് ചെയ്യുന്നില്ല തന്നെ.

എന്നാൽ മറിച്ച് ആശുപത്രികളിൽ, ഓഫീസുകൾ, പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റങ്ങളിൽ, വ്യാപാര സ്ഥാപനങ്ങളിൽ, അടച്ചിട്ട ചെറിയ മുറികളിൽ മാസ്ക് തുടരണം. ഇംഗ്ലണ്ടും ഡെന്മാർക്കും നോർവേയുമൊക്കെ മാസ്ക് ഉപയോഗം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. നമുക്ക് പടിപടിയായി അവിടേക്ക് നീങ്ങിയാലോ.. ?

ഗാംഗുലി ഷർട്ടൂരി കറക്കിയെറിഞ്ഞ പോലെ മാസ്ക്കൂരി കറക്കി എറിയാൻ വരട്ടെ. എന്നാൽ ചില നേരങ്ങളിൽ ചില സന്ദർഭങ്ങളിൽ ചില സ്ഥലങ്ങളിൽ നമുക്ക് മാസ്ക് ഉപയോഗം കുറയ്ക്കാം. അത്തരം ആലോചനകൾക്ക് നിയമസാധുത നൽകേണ്ട സമയമായി വരുന്നു. ചിരിക്കുന്ന മുഖങ്ങൾ കാണാൻ കൊതിയായിട്ട് വയ്യ. ഡോ സുൽഫി നൂഹു.

Story highlights: Doctor post about stop wearing face mask