ആറ് കാലുകളുള്ള പക്ഷിയോ..? സമൂഹമാധ്യമങ്ങളുടെ കണ്ണുടക്കിയ ചിത്രത്തിന് പിന്നിൽ

March 17, 2022

ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ കാഴ്ചയിൽ ഏറെ കൗതുകം നിറയ്ക്കുകയാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നിന്നുള്ള ഫോട്ടോഗ്രാഫർ ജോസ് ഫ്രാഗോസോ പങ്കുവെച്ച ചിത്രം. ക്രൂഗർ നാഷണൽ പാർക്കിൽ നിന്നുള്ള ഒരു വിചിത്രമായ പക്ഷിയുടെ ചിത്രമാണ് ജോസ് ഫ്രാഗോസോ പങ്കുവെച്ചിരിക്കുന്നത്. ആഫ്രിക്കൻ ജക്കാന ഇനത്തിൽപ്പെട്ട പക്ഷിയാണ് ചിത്രത്തിൽ ഉള്ളത്. സാധാരണ പക്ഷികളെ അപേക്ഷിച്ച് ഏറെ പ്രത്യേകതകൾ ഉള്ള ഒരിനം പക്ഷിയാണ് ആഫ്രിക്കൻ ജക്കാന. ഇവയിൽ കൂടൊരുക്കുന്നതും, കുഞ്ഞുങ്ങളെ വളർത്തുന്നതും എല്ലാം ആൺ പക്ഷികളാണ്. ആൺ പക്ഷികളാണ് മുട്ട ഇടുന്ന സമയം മുതൽ കുഞ്ഞുങ്ങൾ വളരുന്നത് വരെയുള്ള കാലം കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്. ഇവയിലെ പെൺപക്ഷികൾ ഓരോ പ്രജനനകാലത്തും ഓരോ ഇണകളെ തിരഞ്ഞെടുക്കുന്നു. മുട്ടയിട്ട ശേഷം ഇവ മറ്റ് ഇണകളെത്തേടി പറന്നകലുകയാണ് പതിവ്.

എന്നാൽ ഇത്രയധികം പ്രത്യേകതകൾ ഉള്ള ഈ ഇനത്തിൽപ്പെട്ട പക്ഷിയുടെ ചിത്രത്തിൽ ആറ് കാലുകളാണ് ഉള്ളത്. ഇതുതന്നെയാണ് ഈ ചിത്രം വൈറലാകാനുള്ള കാരണവും. സാധാരണ പക്ഷികൾക്ക് രണ്ട് കാലുകൾ മാത്രമുള്ളപ്പോൾ ഈ അപൂർവ പക്ഷിയ്ക്ക് രണ്ടിലധികം കാലുകളുണ്ട് എന്നത് ചിത്രത്തെ വേറിട്ടതാക്കി. അതേസമയം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തിൽ കാണുന്നതുപോലെ ഈ പക്ഷിയ്ക്ക് യാഥാർഥ്യത്തിൽ ആറു കാലുകൾ ഇല്ല. രണ്ടു കാലുകൾ മാത്രമേയുള്ളു. ബാക്കിയുള്ള കാലുകൾ തന്റെ ചിറകിനടിയിൽ ഒതുക്കി വച്ചിരിക്കുന്ന കുഞ്ഞുങ്ങളുടേതാണ്.

Read also: ചവേറാക്രമണത്തിൽ കാലുകൾ നഷ്ടമായി; അതിജീവനവും സിനിമയായി, ലിസ ഇപ്പോൾ കേരളത്തിലേക്കും

ശത്രുക്കളിൽ നിന്നും രക്ഷിക്കാൻ ഒരു ആൺപക്ഷി തന്റെ കുഞ്ഞുങ്ങളെ സ്വന്തം ശരീരത്തിൽ ഒതുക്കിവെച്ചിരിക്കുന്നതിന്റെ ചിത്രമാണിത്. അതേസമയം സെനഗൽ, തെക്കൻ മാലി, ബുർക്കിന ഫാസോ, നൈജീരിയ, തെക്കൻ ചാഡ്, സൗത്ത് സുഡാൻ, എത്യോപ്യ എന്നിവിടങ്ങളിലെ ശുദ്ധജല തണ്ണീർത്തടങ്ങളിലാണ് ഈ പക്ഷികൾ പൊതുവെ കാണപ്പെടുന്നത്.

Story highlights; Fact behind six legged bird