ഫഹദിന് വീണ്ടുമൊരു തമിഴ് ചിത്രം; ഇനി വരാനിരിക്കുന്നത് മാരി സെൽവരാജ് ചിത്രം
ഇന്ത്യൻ സിനിമയിലെ തന്നെ ഈ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായി ആഘോഷിക്കപ്പെടുന്ന നടനാണ് മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിൽ. ഫഹദിന്റെ ഓരോ ചിത്രങ്ങൾക്കും വലിയ ആവേശത്തോടെയാണ് സിനിമ പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോൾ തമിഴിലെ പ്രമുഖ സംവിധായകനായ മാരി സെൽവരാജിന്റെ അടുത്ത ചിത്രത്തിൽ ഫഹദ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന വാർത്തയാണ് ശ്രദ്ധേയമാവുന്നത്.
തമിഴ് സിനിമയിലെ പുതുതലമുറയിലെ മുന്‍നിര സംവിധായകരിലൊരാളായ മാരി സെല്‍വരാജിനൊപ്പം ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ സന്ദര്‍ശിച്ചത് വലിയ വാര്‍ത്തയായിരുന്നു. സ്റ്റാലിന്റെ മകനും തമിഴ്താരവുമായ ഉദയനിധി സ്റ്റാലിനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മാരി സെല്‍വരാജ് ‘കര്‍ണന്‍’ എന്ന ചിത്രത്തിന് ശേഷമൊരുക്കുന്ന പുതിയ പ്രൊജക്ടില്‍ ഫഹദ് ഫാസില്‍ നായകനായി എത്തുന്നു എന്നായിരുന്നു ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഉദയനിധി സ്റ്റാലിനാണ് ഈ ചിത്രത്തില്‍ നായകന്‍. ഉദയനിധിക്കൊപ്പം ഫഹദ് ഫാസില്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തും. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. പ്രമുഖ തമിഴ് നടനായ വടിവേലുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ സിനിമകള്‍ക്ക് പിന്നാലെ മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രം കൂടിയാണ് ഉദയനിധിക്കൊപ്പമുള്ളത്. ധനുഷായിരുന്നു കര്‍ണന്‍ എന്ന സിനിമയിലെ നായകന്‍.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഉലകനായകൻ കമൽ ഹാസനും സൂപ്പർതാരം വിജയ് സേതുപതിക്കുമൊപ്പമുള്ള വിക്രം ആണ് ഫഹദ് ഏറ്റവും അവസാനമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം. ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കുന്ന സമയത്ത് എടുത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘മലയൻകുഞ്ഞ്’ ആണ് മലയാളത്തിൽ ഇനി ഇറങ്ങാനുള്ള ഫഹദ് ചിത്രം.
Story Highlights: Fahad’s next tamil movie with Maari Selvaraj