ജോഷിയായി പൃഥ്വിരാജ്, സുമംഗലിയായി നയൻതാരയും; ‘ഗോൾഡ്’ ടീസർ എത്തി
മലയാള സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട സംവിധായകരിൽ ഒരാളാണ് അൽഫോൺസ് പുത്രൻ. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ അൽഫോൺസ് പുത്രൻ സൃഷ്‌ടിച്ച തരംഗം ചെറുതല്ല. ഇപ്പോഴിതാ, ഏഴുവർഷത്തിന് ശേഷം ആക്ഷൻ ത്രില്ലറായ ‘ഗോൾഡ്’ എന്ന ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ് സംവിധായകൻ. പൃഥ്വിരാജ് സുകുമാരനും നയൻതാരയും പ്രധാന വേഷത്തിൽ എത്തുന്ന ഗോൾഡ് എന്ന ചിത്രത്തിന്റെ ടീസർ എത്തി.
2021 സെപ്റ്റംബറിലായിരുന്നു ഗോൾഡിന്റെ ചിത്രീകരണം ആരംഭിച്ചത്. ടീസറിന്റെ പ്രിവ്യൂ മാർച്ച് 25 മുതൽ തിയേറ്ററുകളിൽ ലഭ്യമാകും. അതേസമയം ചിത്രത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നയൻതാര, പൃഥ്വിരാജ് സുകുമാരൻ, വിനയ് ഫോർട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. സെറ്റിലെ നയൻതാരയുടെ ചിത്രങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് ശ്രദ്ധ നേടിയിരുന്നു. ജോഷി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. സുമംഗലി ഉണ്ണിക്കൃഷ്ണനായി നയൻതാരയും വേഷമിടുന്നു.
ചിത്രത്തിൽ മല്ലിക സുകുമാരൻ പൃഥ്വിരാജിന്റെ ‘അമ്മ വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒന്നിച്ച് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഓഫ്‌സ്ക്രീനിലെ അമ്മയും മകനും ആദ്യമായാണ് ഓൺസ്‌ക്രീനിൽ അമ്മയും മകനുമായി എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിലും മല്ലിക വേഷമിട്ടുവെങ്കിലും ഈ ചിത്രത്തിൽ പൃഥ്വിരാജിന്റെ അമ്മൂമ്മയുടെ വേഷത്തിലാണ്. ആദ്യമായി ഗോൾഡിലൂടെയാണ് മല്ലിക പൃഥ്വിയുടെ അമ്മയായി സ്‌ക്രീനിൽ എത്തുന്നത്.
Read Also: ദുൽഖർ സൽമാൻ വേഷമിടുന്ന ആദ്യ വെബ് സീരിസ് ‘ഗൺസ് & ഗുലാബ്സ്’; താരത്തിനൊപ്പം രാജ്‌കുമാർ റാവുവും
ഫഹദ് ഫാസിലിനെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കുന്ന പാട്ട് എന്ന ചിത്രമായിരുന്നു അൽഫോൻസ് പുത്രൻ ആദ്യം പ്രഖ്യാപിച്ചിരുന്നത്. യുജിഎം എന്റർടെയ്ൻമെന്റ്‌സ് (സക്കറിയ തോമസ് & ആൽവിൻ ആന്റണി) ആണ് പാട്ട് നിർമിക്കുന്നത്. അൽഫോൺസ് പുത്രൻ തന്നെയാണ് സംഗീത സംവിധാനം നിർവഹിക്കുന്നതും. ചിത്രത്തിലും നയൻതാരയാണ് നായിക.
Story highlights- gold teaser