ബസ് ഡ്രൈവർ തളർന്നുവീണപ്പോൾ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് രക്ഷകയായ യോഗിത, വിഡിയോ
വാഹനം ഓടിച്ചുകൊണ്ടിരിക്കുന്നതിനിടെയിൽ തളർന്നു വീണ ഡ്രൈവറെക്കുറിച്ചും അദ്ദേഹത്തിന്റെയും ആ ബസിലെ യാത്രക്കാരുടെയും ജീവൻ രക്ഷിച്ച ഒരു യുവതിയെക്കുറിച്ചുമുള്ള വാർത്തകൾ സോഷ്യൽ ഇടങ്ങൾ ആഘോഷമാക്കിയതാണ്. കഴിഞ്ഞ ജനുവരിയിലാണ് പൂനെ റോഡിലെ തിരക്കിലൂടെ വാഹനം ഓടിച്ചുക്കൊണ്ടിരിക്കുമ്പോൾ ഡ്രൈവർ തളർന്നുവീണത്. ഉടൻതന്നെ ആ വാഹനത്തിന്റെ നിയന്ത്രണം യോഗിത എന്ന 42 കാരി ഏറ്റെടുക്കുകയായിരുന്നു. അതും ആദ്യമായാണ് യോഗിത ബസ് ഓടിക്കുന്നത് എന്ന പേടിയോ ആകുലതയോ ഇല്ലാതെതന്നെ. പത്ത് കിലോമീറ്ററോളം ദൂരവരെയാണ് യോഗിത വാഹനം ഓടിച്ചത്. ഉടൻതന്നെ അവർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ ഈ വാർത്ത പ്രചരിച്ചതോടെ നിരവധിപ്പേരാണ് ഇവർക്ക് അഭിനന്ദനങ്ങളുമായി എത്തിയത്.
ജനുവരി ഏഴിന് സംഭവം നടന്നത്. പൂനെയുടെ ഗ്രാമപ്രദേശത്തേക്ക് യാത്രപോയ ഒരു സംഘം സ്ത്രീകളും കുട്ടികളും അടങ്ങുന്ന ബസ് ഓടിച്ച ഡ്രൈവർക്കാണ് വാഹനം ഓടിക്കുന്നതിനിടെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹം ബോധരഹിതനായി വീഴുകയും ചെയ്തു. എന്നാൽ ഈ സമയം എന്തുചെയ്യണം എന്നറിയാതെ അസ്വസ്ഥരായ സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിലേക്ക് യാത്രക്കാരിയായ യോഗിത രക്ഷകയായി എത്തുകയായിരുന്നു. ആദ്യം ബോധരഹിതനായ ഡ്രൈവറുടെ മുഖത്ത് വെള്ളം തളിച്ചുനോക്കിയിട്ടും അയാൾ ഉണരാതെ വന്നതോടെ, ഉടൻതന്നെ മറ്റൊന്നും ആലോചിക്കാതെ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. പെട്ടന്നുതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞതിനാൽ ഡ്രൈവറുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.
തക്കസമയത്തെ വിവേചനബുദ്ധിയും ആത്മധൈര്യവും മൂലം ഒരാളുടെ ജീവൻ രക്ഷിച്ച യോഗിതയുടെ ഈ അസാധാരണ സംഭവത്തെ ഒരു പരസ്യചിത്രത്തിനായി ഉപയോഗിച്ചിരിക്കുകയാണ് കൊട്ടക് ജനറൽ ഇൻഷുറൻസ് കമ്പനി. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് കമ്പനി ഈ വിഡിയോ തയാറാക്കിയിരിക്കുന്നത്. അതേസമയം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ വിഡിയോ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയും കവർന്നുകഴിഞ്ഞു.
Story highlights; Inspirational Story of Yogitha Satav