ചെറുപ്പം മുതൽ നിറത്തിന്റെ പേരിൽ അധിക്ഷേപം; ഇന്ന് അഭിമാനമായി കാജലിന്റെ വളർച്ച, വനിതാ ദിനത്തിൽ അറിയാം ഈ പെൺകരുത്തിനെ…

കാജൽ ജെനിത് എന്ന പെൺകുട്ടി ഇന്ന് പലർക്കും പരിചിതയാണ്. തിരുവനന്തപുരം ജില്ലാ വനിതാ ബോഡിബിൽഡിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഈ മിടുക്കി റെസ്ലിങിലും തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞതാണ്. എന്നാൽ കാജലിനെ കൂടുതൽ ആളുകളും അറിയുന്നത് മലയാളികളുടെ സൗന്ദര്യസങ്കൽപ്പങ്ങളെ മാറ്റിയ പെൺകരുത്ത് എന്ന പേരിൽ കൂടിയാണ്…ഇന്ന് ഈ വനിതാ ദിനത്തിൽ അറിയാം കാജൽ ജെനിത് എന്ന പെൺകുട്ടിയെ.
ചെറുപ്പം മുതൽ നിറത്തിന്റെ പേരിൽ ഏറെ കളിയാക്കലുകൾ നേരിട്ട പെൺകുട്ടിയാണ് കാജൽ. ആദ്യമൊക്കെ ഓരോ കളിയാക്കലുകളും അവളെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് ആ കളിയാക്കലുകളെ പോസിറ്റീവായി സ്വീകരിക്കാൻ അവൾ കരുത്തയായിക്കഴിഞ്ഞു. എന്നിൽ വ്യത്യസ്തമായ എന്തോ ഒന്നുണ്ടല്ലോ എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ തന്റെ കളർ അവൾക്കൊരു മുതൽക്കൂട്ട് മാത്രമായിമാറി.

കരുത്തിന്റെ പര്യായമായ ബോഡി ബിൽഡിങ് മേഖല സ്വന്തമാക്കിയ ഈ പതിനാറുകാരി ചെറുപ്പം മുതൽ റെസ്ലിങ് പരിശീലിച്ച് തുടങ്ങിയതാണ്. എന്നാൽ കൊവിഡ് കാലത്താണ് കാജൽ ബോഡി ബിൽഡിങ് പരിശീലിച്ച് തുടങ്ങിയത്. വർക്കലയിലെ ഒരു ജിമ്മിൽ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ബോഡി ബിൽഡിങ് മത്സരം നടക്കാൻ പോകുന്നുണ്ടെന്നും അതിൽ നിരവധിപ്പേർ പങ്കെടുക്കുന്നുണ്ടെന്നും അറിഞ്ഞത്. അങ്ങനെ അതിൽ ഒരു ശ്രമം നടത്താൻ തീരുമാനിക്കുകയായിരുന്നു കാജൽ. പിന്നീടുള്ള രണ്ട് മാസത്തെ കഠിനമായ വർക്ക് ഔട്ടും ഡയറ്റും കൂടി മത്സരത്തിലേക്കുള്ള കരുത്തും ആത്മവിശ്വാസവുമായി കാജലിന്. തുടർന്ന് തിരുവനന്തപുരം ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷൻ നടത്തിയ മത്സരത്തിൽ വനിതകളുടെ ഇനത്തിൽ സ്വർണമെഡൽ നേടാൻ ഈ പെൺകുട്ടിയ്ക്ക് കഴിഞ്ഞു.

ഇഷ്ടമുള്ളതെന്തും ചെയ്യാൻ സ്ത്രീ- പുരുഷ വ്യത്യാസമോ കളറോ തടസ്സമല്ലെന്ന് സമൂഹത്തിന് കാണിച്ചുകൊണ്ടായിരുന്നു മോഡലിങ്ങിലേക്കുള്ള കാജലിന്റെ വരവ്, അങ്ങനെ മോഡലിംഗ് രംഗത്തും തിളങ്ങി കാജൽ. അതേസമയം ഷെഫ് ആകാനാണ് ഈ പെൺകുട്ടിയുടെ ആഗ്രഹം. പ്ലസ് റ്റു പഠനത്തിന് ശേഷം ഹോട്ടൽ മാനേജ്‌മെന്റ് ജോലിയിലേക്ക് തിരിയണം എന്നാണ് കാജലിന്. എന്നാൽ ഇതിനൊപ്പം തന്നെ ബോഡി ബിൽഡിങ്ങും മോഡലിങ്ങും താൻ കൊണ്ടുപോകുമെന്നും പറയുന്നുണ്ട് ഈ പെൺകരുത്ത്.
Story highlights: inspiring life of kajal janith