ഡോക്ടറേറ്റ് എടുക്കാനുള്ള പഠനത്തിനിടെയിലും ചായക്കടയിലെ ജോലിയിൽ തിരക്കിലാണ് ആർദ്ര; പ്രചോദനമാണ് ഈ ജീവിതം
പ്രതിസന്ധിഘട്ടങ്ങളെ ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് നേരിട്ട നിരവധി ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടുകയാണ് ആർദ്ര എന്ന പെൺകുട്ടിയും. ചെറുപ്പം മുതലേ പഠനത്തിൽ മികവ് പുലർത്തുന്ന ആർദ്ര ഇപ്പോൾ ഡോക്ടർ ആകാനുള്ള പഠനത്തിലാണ്. മറൈൻ ബയോളജിയിൽ പിഎച്ച്ഡി പഠനം നടത്തുന്ന എറണാകുളം അരൂർ സ്വദേശി ആർദ്ര ഒരു വർഷം കൂടി കഴിഞ്ഞാൽ ഡോക്ടർ ആർദ്രയാണ്. എന്നാൽ പഠനത്തിന്റെ മികവിനൊപ്പം ജീവിതത്തിൽ നേരിടേണ്ടിവന്ന ചില കയ്പേറിയ നിമിഷങ്ങളെക്കുറിച്ചും പറയാനുണ്ട് ഈ പെൺകുട്ടിയ്ക്ക്.
അച്ഛനും അമ്മയ്ക്കുമൊപ്പം ഹോട്ടലിൽ ജോലി ചെയ്തുകൊണ്ടാണ് ആർദ്രയുടെയും പഠനം. കുടുംബത്തിന്റെ പ്രധാന വരുമാന മാർഗം ഇവരുടെ ഹോട്ടൽ തന്നെയാണ്. 2011 മുതലാണ് ആർദ്രയുടെ മാതാപിതാക്കൾ ഹോട്ടൽ ആരംഭിച്ചത്. ആദ്യകാലത്ത് ഇതൊരു ചെറിയ ചായക്കടയായിരുന്നു. അന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം ഹോട്ടലിലെ ജോലികൾക്കായി ആർദ്രനും സഹോദരനും കൂടിയിരുന്നു. പിന്നീട് സ്കൂൾ കഴിഞ്ഞുള്ള സമയങ്ങളിലും ഇരുവരും അച്ഛനെയും അമ്മയെയും സഹായിക്കാൻ എത്തും. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ആർദ്ര ഒരേസമയം ജോലിയും പഠനവും കൃത്യമായി തന്നെ കൊണ്ടുപോയി.
Read also: ബസ് ഡ്രൈവർ തളർന്നുവീണപ്പോൾ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് രക്ഷകയായ യോഗിത, വിഡിയോ
എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് സുവോളജിയിൽ ബിരുദം നേടിയ ആർദ്ര, കുസാറ്റിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. അതിന് ശേഷം കുസാറ്റിൽ തന്നെ മറൈൻ ബയോളജിയിൽ പിഎച്ച്ഡിയ്ക്കും ചേർന്നു. 2023 ആകുമ്പോഴേക്കും ആർദ്രയുടെ പിഎച്ച്ഡി പഠനം പൂർത്തിയാകും. ഇതിന് ശേഷം ഗവൺമെന്റ് സർവീസ് എന്ന ലക്ഷ്യത്തിലാണ് ആർദ്രയിപ്പോൾ. എന്നാൽ ഇതിനിടെയിലൊക്കെ തന്റെ മാതാപിതാക്കൾക്കൊപ്പം ഹോട്ടലിൽ ജോലി ചെയ്യാനും മറക്കാറില്ല ആർദ്ര. ഹോട്ടലിൽ സപ്ലൈ ചെയ്യാനും ക്യാഷർ ആകാനുമൊക്കെ ഇറങ്ങുമ്പോൾ ചിലപ്പോഴെങ്കിലും നല്ല കമന്റുകൾക്കൊപ്പം മോശം അനുഭവങ്ങളെയും നേരിടേണ്ടിവന്നിട്ടുണ്ടെന്നും ആർദ്ര പറയുന്നു. എന്നാൽ ഇതൊക്കെ ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള പ്രചോദനമാണ് തനിക്കെന്നും തെളിയിക്കുകയാണ് ഈ പെൺകരുത്ത്.
Story highlights: Inspiring story of Ardra