ചവേറാക്രമണത്തിൽ കാലുകൾ നഷ്ടമായി; അതിജീവനവും സിനിമയായി, ലിസ ഇപ്പോൾ കേരളത്തിലേക്കും
ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികളെ മനക്കരുത്തുകൊണ്ട് അതിജീവിച്ച നിരവധിപ്പേരുടെ കഥകൾ നാം ഇതിനോടകം കേട്ടിട്ടുണ്ട്. അത്തരത്തിൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ആകര്‍ഷിച്ചതാണ് ടർക്കിയിലെ ലിസ ചലാൻ എന്ന പെൺകുട്ടിയും. ഐസിസ് ആക്രമണത്തിൽ ഇരുകാലുകളും നഷ്ടമായിട്ടും ജീവിതത്തെ ആത്മവിശ്വാസം കൊണ്ട് തിരിച്ചുപിടിച്ച ലിസ ഇപ്പോൾ കൃത്രിമ കാലുകളുടെ സഹായത്തോടെയാണ് പുതിയ ഓരോ ചുവടുകളും വയ്ക്കുന്നത്. ടർക്കിയിലെ കുർദ് വിഭാഗത്തിൽ പിറന്ന പെൺകുട്ടിയാണ് ലിസ, സ്വന്തം ജനതയ്ക്ക് വേണ്ടി കലയിലൂടെ പൊരുതികൊണ്ടിരുന്ന ഈ പെൺകുട്ടി സിനിമയുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സിനിമ സംവിധായിക, എഡിറ്റർ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലൊക്കെ തിളങ്ങിയ ലിസ, സ്വന്തം ജനതയുടെ നിലനിൽപ്പിന് വേണ്ടിയുള്ള പേരാട്ടത്തിനിടെയാണ് ചാവേർ ആക്രമണത്തിന് ഇരയായത്. 2015 ലാണ് ലിസ ആക്രമണത്തിന്റെ ഇരയായി മാറുന്നത്. ഈ ആക്രമണത്തിൽ രണ്ടുകാലുകളും നഷ്ടമായെങ്കിലും പിന്നീടുള്ള ലിസയുടെ ജീവിതം ജീവിതത്തിൽ നഷ്ട്ടപെട്ടതൊക്കെ തിരിച്ചുപിടിക്കുന്നതിന് വേണ്ടിയായിരുന്നു. രണ്ടു കാലുകളും മുട്ടിന്റെ ഭാഗത്തുനിന്നും അറ്റുപോയ ലിസയുടെ ചികില്‍സയ്ക്കായി ലോകമെങ്ങുമുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ ക്രൗഡ് ഫണ്ടിങ്ങും നടത്തിയിരുന്നു. ഏറെ ചികിത്സയ്ക്ക് ശേഷം വെച്ചുപിടിപ്പിച്ച കൃത്രിമ കാലുകളുടെ സഹായത്തോടെ വീണ്ടും സിനിമ തിരക്കുകളിലേക്ക് ഇറങ്ങിയ ലിസയുടെ സിനിമകൾ ലോകമാകെയുള്ള വിവിധ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലിസയെത്തേടി 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അഞ്ചു ലക്ഷം രൂപയുടെ ‘സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്’ എത്തിയിരിക്കുകയാണ്.
Read also: ജെയിംസിന് വൻവരവേൽപ്പ്; പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം കണ്ട് നിറകണ്ണുകളൊടെ ആരാധകർ
ഐ എഫ് കെയിൽ ഇതാദ്യമായാണ് ഇത്തരമൊരു അവാർഡ് ഏർപ്പെടുത്തുന്നത്. ഒപ്പം ഇതിനായി കേരളത്തിലേക്ക് വരാൻ ഒരുങ്ങുകയാണ് ഈ പെൺകരുത്ത്. ഈ വര്‍ഷത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മുഖ്യാതിഥിയും ചാവേർ ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി ലിസ തന്നെയായിരിക്കും.
Story highlights: Inspiring Story of filmmaker Lisa calan who lost legs in an attack