‘ഡ്രൈവിംഗ് ലൈസൻസിന്’ ശേഷം വീണ്ടും നേർക്കുനേർ; പൃഥ്വിരാജ്- സുരാജ് ചിത്രം ‘ജന ഗണ മന’ ഏപ്രിലിൽ റിലീസിന്
2019- ലെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു സച്ചി രചന നിർവഹിച്ച് ലാൽ ജൂനിയർ സംവിധാനം ചെയ്ത ‘ഡ്രൈവിംഗ് ലൈസൻസ്.’ പൃഥ്വിരാജ്- സുരാജ് കോംബോയുടെ മികച്ച പ്രകടനമായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിച്ചിരിക്കുകയാണ് ഈ ഹിറ്റ് കോംബോ. ‘ജന ഗണ മന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പൊൾ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് നടൻ പൃഥ്വിരാജ്.
ഏപ്രിൽ 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ക്വീന്‍ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ഡിജോ ജോസ് ആന്റണിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
‘ഡ്രൈവിംഗ് ലൈസൻസിന്’ ശേഷം വീണ്ടും ഒരു ചിത്രത്തിൽ നേർക്കുനേർ എതിരാളികളായി വരുന്ന കഥാപാത്രങ്ങളെയാണ് പൃഥ്വിരാജ് സുകുമാരനും സൂരജ് വെഞ്ഞാറുമ്മൂടും അവതരിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് തടവുകാരനായെത്തുന്ന ടീസറാണ് നേരത്തെ പുറത്തുവന്നിരുന്നത്. ”മനസാക്ഷിയുടെ കാര്യത്തില്‍ ഭൂരിപക്ഷ നിയമത്തിന് സ്ഥാനമില്ല” എന്ന മഹാത്മഗാന്ധിയുടെ വാചകം ഉൾപ്പെടുത്തിയാണ് നടൻ പൃഥ്വിരാജ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടത്. പ്രധാനമായും കോടതി മുറിയില്‍ നടക്കുന്ന ചിത്രമാണ് ജന ഗണ മനയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമക്ക് ശേഷം സുദീപ് ഇളമണ്‍ ക്യാമറ ചെയ്യുന്ന ചിത്രം കൂടിയാണ് ജനഗണമന.
ജന ഗണ മന ചിത്രീകരണത്തിനിടെ പൃഥ്വിരാജ് കൊവിഡ് ബാധിതനായിരുന്നു. കേരളത്തിലും മംഗലാപുരത്തും ബംഗളൂരുവിലുമായാണ് സിനിമ പൂര്‍ത്തിയാക്കിയത്. ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
Story Highlights: Jana gana mana release date