‘കടുവ’ പൂർത്തിയായി, ഇനി ഒരുങ്ങുന്നത് ‘ആടുജീവിതം’; പുതിയ ചിത്രങ്ങളുടെ വിശേഷം പങ്കുവെച്ച് പൃഥ്വിരാജ്
മലയാളത്തിലെ യങ് സൂപ്പർസ്റ്റാർ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാവുന്ന ചിത്രമാണ് ‘കടുവ.’ മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന ആക്ഷൻ ചിത്രമായ കടുവയുടെ ഷൂട്ടിംഗ് പൂർത്തിയായി. നടൻ പൃഥ്വിരാജ് തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ വിവരം പുറത്തു വിട്ടത്. തന്റെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങളുടെ വിശേഷങ്ങളും പൃഥ്വിരാജ് പങ്കുവെച്ചു.
തന്റെ 3 ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയായതായാണ് പൃഥ്വിരാജ് പറഞ്ഞത്. ഷാജി കൈലാസിന്റെ ‘കടുവ’, ഡിജോ ജോണിന്റെ ‘ജനഗണമന’, അൽഫോൻസ് പുത്രന്റെ ‘ഗോൾഡ്’ എന്നീ ചിത്രങ്ങളിൽ തന്റെ ഭാഗം പൂർത്തിയായെന്നും ഉടനെ തന്നെ ചിത്രങ്ങൾ പ്രേക്ഷകർക്ക് മുൻപിലെത്തുമെന്നും നടൻ പറഞ്ഞു. ഇനി അടുത്തതായി തുടങ്ങാനുള്ളത് ബ്ലെസ്സിയുടെ ‘ആടുജീവിതം’ ആണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യാനുള്ള ഇഷ്ടം തന്നിൽ ഉണ്ടാക്കിയതിൽ നിർണായക പങ്ക് വഹിച്ചത് കടുവയുടെ സംഘട്ടന സംവിധായകനായ കനൽ കണ്ണനാണെന്നും പൃഥ്വിരാജ് തന്റെ കുറിപ്പിൽ പറയുന്നു.
Read More: സിനിമയോട് ഇപ്പോഴും ഭ്രമവും അത്യാഗ്രഹവും ഉണ്ടെന്ന് മമ്മൂട്ടി; സംവിധായകരോട് ചാൻസ് ചോദിക്കാറുണ്ട്
പ്രേക്ഷകർ വളരെയേറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ‘കടുവ’. കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആദം ജോൺ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകനായ ജിനു എബ്രഹാമാണ് ‘കടുവ’യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായെത്തുന്നു.
സുജിത് വാസുദേവ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുമ്പോൾ ജേക്സ് ബിജോയിയാണ് സംഗീതം കൈകാര്യം ചെയ്യുന്നത്.
Story Highlights: Kaduva’s shooting completed