ഇത് സുധിയുടെ ആ പഴയ സ്‌പ്ലെൻഡർ ബൈക്ക്; ഇഷ്ടവാഹനം 25 വർഷങ്ങൾക്ക് ശേഷം സ്വന്തമാക്കി ചാക്കോച്ചൻ

March 25, 2022

അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ സുധി എന്ന കഥാപാത്രത്തെ മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ്. ചോക്ലേറ്റ് ഹീറോയായി ചാക്കോച്ചൻ എത്തിയ ചിത്രത്തിൽ കഥാപാത്രത്തിനൊപ്പംതന്നെ ഏറെ ശ്രദ്ധിക്കപെട്ടതാണ് സിനിമയിലെ നായകന്റെ സന്തതസഹചാരിയായ സ്‌പ്ലെൻഡർ ബൈക്ക്. സിനിമയിൽ നായകനെ പരിചയപ്പെടുത്തുന്ന ആദ്യ സീനിൽ സ്‌പ്ലെൻഡർ ബൈക്ക് ഓടിച്ചുവരുന്ന നായകനെയാണ് കാണുന്നത്. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ ആ പഴയ സഹയാത്രികനെ സ്വന്തമാക്കിയിരിക്കുകയാണ് ചാക്കോച്ചൻ. ഒപ്പം വർഷങ്ങൾക്ക് ശേഷം ഇഷ്ടവാഹനം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ചാക്കോച്ചനിപ്പോൾ.

1997-ല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് അനിയത്തിപ്രാവ്. ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയും നേടി. കുഞ്ചാക്കോ ബോബനൊപ്പം ശാലിനി, ഹരിശ്രീ അശോകന്‍, തിലകന്‍, ജനാര്‍ദ്ദനന്‍, സുധീഷ്, കൊച്ചിന്‍ ഹനീഫ, ശ്രീവിദ്യ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തി. മലയാളികൾ അന്നും ഇന്നും നെഞ്ചോട് ചേർത്തുവെച്ച സിനിമകളിൽ ഒന്ന് കൂടിയാണ് അനിയത്തിപ്രാവ്.

Read also:തകർത്താടി രാം ചരണും ജൂനിയർ എൻടിആറും; ആർആർആർ തിയേറ്ററുകളിൽ- റിവ്യൂ

അതേസമയം സിനിമയിൽ എത്തി വർഷങ്ങൾ ഏറെ പിന്നിടുമ്പോൾ ചോക്ലേറ്റ് ഹീറോ എന്ന ചാക്കോച്ചന്റെ ലേബലും മാറി, ഇപ്പോൾ ഏത് കഥാപാത്രത്തേയും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന നടനായി മാറിക്കഴിഞ്ഞു അദ്ദേഹം. മലയാളത്തിന്റെ പ്രിയനടൻ 1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്.

നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഈ സ്നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍, വൈറസ്, അഞ്ചാംപാതിര, നിഴൽ, ഭീമന്റെ വഴി തുടങ്ങി നിരവധി സിനിമകളിലൂടെ താരം മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറി. ‘പട’യാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. വിനായകൻ, ദിലീഷ് പോത്തൻ, ജോജു ജോര്‍ജ് എന്നിവരാണ് ‘പട’യിലെ കുഞ്ചാക്കോ ബോബനൊപ്പമുള്ള മറ്റ് പ്രധാന കഥാപാത്രങ്ങൾ.

Story highlights: kunchacko boban aniyathipravu splendor