മലയാളത്തിന്റെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി ‘ലളിതം സുന്ദരം’; ആസ്വാദകഹൃദയംതൊട്ട് പാട്ട് വിഡിയോ

മലയാളത്തിന്റെ ഇഷ്ടതാരങ്ങളായ മഞ്ജു വാര്യരും ബിജു മേനോനും ഏറെക്കാലങ്ങൾക്ക് ശേഷം മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ഒരു രസകരമായ കുടുംബ ചിത്രമായി എത്തിയ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. ഇപ്പോഴിതാ ലളിതം സുന്ദരം ചിത്രത്തിലെ ഗാനരംഗത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിക്കുന്ന പഴയകാല മലയാള സിനിമകളിലെ ഹിറ്റ് മെലഡികളാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഹരിശങ്കര്‍, അഞ്‍ജലി വാര്യര്‍, ബിജു മേനോൻ, ആനി അമീ, നന്ദു കര്‍ത്ത, രഞ്‍ജിത് ജയരാമൻ എന്നിവരാണ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്.
അതേസമയം ആദ്യമായി മഞ്ജു വാര്യർ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ലളിതം സുന്ദരം. മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ചുറിയും ചേർന്നാണ് നിർമാണം. നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. ‘ഇന്നലെ’, ‘പത്രം’, ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’, ‘പ്രണയ വർണങ്ങൾ’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ മഞ്ജുവും ബിജു മേനോനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളൊക്കെ മികച്ച സ്വീകാര്യത നേടിയിരുന്നു.
ഒരു റൊമാന്റിക് കോമഡി ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകാൻ ഏകദേശം ഒരു വർഷമെടുത്തു. കാരണം കൊവിഡ് പ്രതിസന്ധി ചിത്രത്തിന്റെ ഷൂട്ടിംഗിനെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മഞ്ജു വാര്യർക്കും ബിജു മേനോനും പുറമെ ദീപ്തി സതി, സൈജു കുറുപ്പ്, അനു മോഹൻ, രഘുനാഥ് പലേരി, രമ്യ നമ്പീശൻ, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്‍ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍ കുട്ടി തെന്നൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Story highlights: Lalitham Sundaram- Nostalgic Melody