ഫോൺ എടുത്തത് ദുൽഖർ തന്നെ; ‘കുറുപ്പ്’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന രസകരമായ സംഭവം സ്ഥിരീകരിച്ച് മമ്മൂട്ടി
ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. മലയാളി പ്രേക്ഷകർ ആവേശത്തോടെയാണ് ഓരോ മമ്മൂട്ടി ചിത്രത്തിനായും കാത്തിരിക്കുന്നത്. വലിയ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഭീഷ്മപർവ്വം’ ആണ് അതിൽ ഏറ്റവും പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം.
ഇപ്പോൾ ഭീഷ്മപർവത്തിന്റെ പ്രൊമോഷൻ സമയത്ത് ഒരു ഇന്റർവ്യൂവിൽ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ദുൽഖറിന്റെ സിനിമയായ ‘കുറുപ്പ്’ന്റെ പ്രൊമേഷനുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് മമ്മൂട്ടി പങ്കുവെച്ചത്. കുറുപ്പ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുല്‍ഖര്‍ മമ്മൂട്ടിയുടെ ഫെയ്സ്ബുക്കില്‍ നിന്ന് പോസ്റ്റ് പങ്കുവെച്ചത് നേരത്തെ തന്നെ വലിയ ചര്‍ച്ചയായിരുന്നു. മമ്മൂട്ടിയുടെ ഫോണ്‍ എടുത്ത് താന്‍ തന്നെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തതെന്നാണ് ദുല്‍ഖര്‍ പറഞ്ഞിരുന്നു.
ഇപ്പോൾ മമ്മൂട്ടിയും അതില്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. “ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഫോണ്‍ ഒന്നെടുത്തോട്ടെ എന്നു ചോദിച്ച് കൊണ്ടുപോയതാ. കാര്യം ശരിയാ. അതൊന്നും നമ്മള് വിളിച്ചുകൂവരുതല്ലോ’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
Read More: ‘കടുവ’ പൂർത്തിയായി, ഇനി ഒരുങ്ങുന്നത് ‘ആടുജീവിതം’; പുതിയ ചിത്രങ്ങളുടെ വിശേഷം പങ്കുവെച്ച് പൃഥ്വിരാജ്
ഹേ സിനാമിക’യാണ് ദുൽഖറിന്റേതായി അടുത്ത പുറത്തു വരാനുള്ള ചിത്രം. അതേ സമയം ‘ഭീഷ്മപർവ്വ’മാണ് മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന അടുത്ത മമ്മൂട്ടി ചിത്രം. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസറിനും പാട്ടുകള്‍ക്കുമൊക്കെ വന്‍ പ്രതികരണമാണ് ലഭിച്ചത്.
മാർച്ച് 3 നാണ് രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യുന്നത്.
Story Highlights: Mammootty about funny incident during ‘Kurup’ promotion