സിനിമയോട് ഇപ്പോഴും ഭ്രമവും അത്യാഗ്രഹവും ഉണ്ടെന്ന് മമ്മൂട്ടി; സംവിധായകരോട് ചാൻസ് ചോദിക്കാറുണ്ട്
ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഭീഷ്മപർവ്വം. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസറിനും പാട്ടുകള്‍ക്കുമൊക്കെ വലിയ പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ പ്രീ ബുക്കിംഗ് റിസർവേഷന് വമ്പൻ വരവേൽപ്പാണ് ആരാധകരുടെ ഭാഗത്തു നിന്നുമുണ്ടായത്. കൊവിഡ് ഇളവുകൾ കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ ചിത്രത്തിന്റെ ആദ്യ ദിനം തിയേറ്ററുകൾ പൂരപ്പറമ്പാവുമെന്ന കാര്യത്തിൽ തർക്കമില്ല.
ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ സമയത്ത് മമ്മൂട്ടി നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് കൗതുകമുണർത്തുന്നത്. താനിപ്പോഴും സംവിധായകരോട് ചാൻസ് ചോദിക്കാറുണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്. സംവിധായകരെ കാണുമ്പോൾ നമുക്കൊരുമിച്ചൊരു സിനിമ ചെയ്യണ്ടേ എന്ന് ചോദിക്കാറുണ്ട്. ഇത് ചാൻസ് ചോദിക്കുന്നതിന് തുല്യമായ ഒരു കാര്യമാണ്. അതിന് തനിക്കൊരിക്കലും മടി തോന്നിയിട്ടില്ലെന്നും നടൻ കൂട്ടിച്ചേർത്തു.
തനിക്ക് സിനിമയോട് ഇപ്പോഴും ഭ്രമം ആണെന്നും നല്ല കഥാപാത്രങ്ങൾ കിട്ടാൻ അത്യാഗ്രഹമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. അത് കൊണ്ട് കൂടിയാണ് ചാൻസ് ചോദിക്കാറുള്ളതെന്നും ചോദിക്കാതെ നമുക്കൊന്നും കിട്ടില്ലെന്നും മമ്മൂട്ടി അഭിമുഖത്തിൽ പറഞ്ഞു. ഇതിന് മുൻപും സിനിമകളോടും അഭിനയത്തോടുമുള്ള തന്റെ ഭ്രമത്തെ പറ്റി നടൻ വാചാലനായിട്ടുണ്ട്.
മാര്‍ച്ച് 3 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നേരത്തെ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മപര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്.
Story Highlights: Mammootty about his passion for cinema