ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ജയസൂര്യ- പ്രജേഷ് സെൻ ചിത്രത്തിൽ നായികയായി മഞ്ജു വാര്യരും, റിലീസിനൊരുങ്ങി സിനിമ
സിനിമ ആസ്വാദകർക്ക് മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ജയസൂര്യ- പ്രജേഷ് സെൻ കൂട്ടുകെട്ട്. ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം മേരി ആവാസ് സുനോ അണിയറയിൽ ഒരുങ്ങുന്നു. ജയസൂര്യയ്ക്കൊപ്പം മഞ്ജു വാര്യർ കൂടിയെത്തുന്ന ചിത്രം ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പ്രമേയമാക്കിയിരിക്കുന്നത്. അതേസമയം ആദ്യമായി ജയസൂര്യയും മഞ്ജു വാര്യരും വെള്ളിത്തിരയിൽ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മെയ് 13 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.
ചിത്രത്തിൽ ആർ ജെ ശങ്കർ ആയാണ് ജയസൂര്യ വേഷമിടുന്നത്. ശങ്കറിന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവന്ന ഡോക്ടർ രശ്മി എന്ന കഥാപാത്രമാണ് മഞ്ജു വാര്യർ. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒന്നിച്ചിരുന്നു പൊട്ടിച്ചിരിക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. മഞ്ജു വാര്യർക്ക് പുറമെ ശിവദയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജോണി ആന്റണി, സുധീർ കരമന, ഗൗതമി നായർ, സോഹൻ സീനുലാൽ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അതേസമയം ഓൾ ഇന്ത്യ റേഡിയോയിൽ മാധ്യമപ്രവർത്തകനായിരുന്നു സംവിധായകൻ പ്രജേഷ് സെൻ. അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു പ്രമേയവുമായി സംവിധായകൻ എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷ ഉയരും. ജയസൂര്യ- പ്രജേഷ് സെൻ കൂട്ടുകെട്ടിൽ നേരത്തെ ഒരുങ്ങിയ രണ്ട് ചിത്രങ്ങളും സിനിമ പ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ്.
Read also; ഈ ചിത്രത്തിൽ ആദ്യം കാണുന്നതെന്ത്..? ഇനി ചിത്രങ്ങൾ പറയും നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച്…
പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ദി സീക്രട്ട് ഓഫ് വുമൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിരഞ്ജന അനൂപാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Story highlights: meri awaz suno coming to theatres on 13 may