‘ബറോസ്’ ക്ലിക്ക്; ‘ബറോസ്’ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പുറത്തു വിട്ട് നടൻ മോഹൻലാൽ

March 8, 2022

മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്.’ വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. നേരത്തെ കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് തടസ്സപ്പെട്ടിരുന്നു. ഷൂട്ട് ചെയ്ത പല സീനുകളും വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നിരിക്കുകയാണ്. ഇപ്പോൾ നടൻ മോഹൻലാൽ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

നേരത്തെ മുതൽ തന്നെ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും മോഹൻലാൽ പങ്കുവെയ്ക്കാറുണ്ട്. അതൊക്കെ ആരാധകരും പ്രേക്ഷകരും ഏറ്റെടുക്കാറുമുണ്ട്. ഇപ്പോൾ മോഹൻലാൽ പങ്കുവെച്ച ചിത്രവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. ബറോസ് സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായ അനീഷ് ഉപാസനയാണ് ചിത്രമെടുത്തിരിക്കുന്നത്.

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബറോസ്.’ ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണംനിർവഹിക്കുന്നത്. മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജ് തുടക്കത്തിൽ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഡേറ്റ് പ്രശ്നങ്ങൾ ഉണ്ടായത് കാരണം പൃഥ്വിരാജിന് ചിത്രത്തിൽ നിന്ന് പിന്മാറേണ്ടി വന്നിരിക്കുകയാണ്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

Read More: ‘അതെനിക്ക് ഒരിക്കലും പറയാൻ കഴിഞ്ഞില്ല, അതാണെന്റെ ദുഃഖം’; ഷെയ്ൻ വോണിന്റെ ഓർമയിൽ വികാരധീനനായി പോണ്ടിംഗ്

ആറാട്ടാണ് മോഹൻലാലിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ‘ആറാട്ട്’ തിയേറ്ററുകളിലെത്തിയപ്പോൾ വമ്പൻ വരവേൽപ്പുമായാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്. കേരളത്തിലുടനീളം പ്രേക്ഷകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മോഹൻലാൽ ആരാധകരെ കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

Story Highlights: Mohanlal shares still from barroz location