നിറഞ്ഞ് ചിരിച്ച് മോഹൻലാൽ, സിനിമ ഡയലോഗുകൾ കമന്റ് ചെയ്ത് ആരാധകർ; വൈറലായി മോഹൻലാൽ പങ്കുവെച്ച ചിത്രം

March 9, 2022

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ് ഇന്ത്യൻ സിനിമയിലെ തന്നെ മഹാനടനായ മോഹൻലാൽ. കേരളത്തിനകത്തും പുറത്തും വലിയ ആരാധക വൃന്ദമാണ് മോഹൻലാലിനുള്ളത്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്. ഇതിന് മുൻപും മോഹൻലാലിൻറെ വിവിധ ലുക്കുകളുമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട പല ഫോട്ടോകളും വൈറലായിട്ടുണ്ട്.

ഇപ്പോൾ മോഹൻലാൽ ഇന്ന് തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക് പ്രൊഫൈലുകളിൽ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിറഞ്ഞ് ചിരിക്കുന്ന മോഹൻലാലാണ് ചിത്രത്തിലുള്ളത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. മോഹൻലാലിന്റെ സിനിമാ ഡയലോ​ഗുകൾ ഉൾപ്പെടുത്തിയാണ് പല കമന്റുകളും. സ്ഥിരമായി മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെടുക്കാറുള്ള അനീഷ് ഉപാസന തന്നെയാണ് ഈ ചിത്രവും എടുത്തിരിക്കുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസിന്റെ’ സ്റ്റിൽ ഫോട്ടോഗ്രാഫർ കൂടിയാണ് അനീഷ്.

കഴിഞ്ഞ ദിവസം ബറോസിന്റെ സെറ്റിൽ നിന്ന് മോഹൻലാൽ പങ്കുവെച്ച ഒരു ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്.’ ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്.

Read More: ബഹുമാനപ്പെട്ട മദർഷിപ്പ്; നാരദനിലെ അഭിനേതാവായി ആഷിഖ് അബുവിന്റെ അമ്മ, സംവിധായകൻ പങ്കുവെച്ച ചിത്രം വൈറലാവുന്നു

ആറാട്ടാണ് മോഹൻലാലിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ‘ആറാട്ട്’ തിയേറ്ററുകളിലെത്തിയപ്പോൾ വമ്പൻ വരവേൽപ്പുമായാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്. കേരളത്തിലുടനീളം പ്രേക്ഷകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മോഹൻലാൽ ആരാധകരെ കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

Story Highlights: Mohanlal’s pic goes viral