മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’ ടീസർ പുറത്ത്; ഉറക്കദിനത്തിൽ ‘ഉറക്കത്തിന്റെ കഥ’ പങ്കുവെച്ചത് ദുൽഖർ സൽമാൻ

March 18, 2022

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. മലയാള സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള സംവിധായകന്റെ മിക്ക സിനിമകളും വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരേ പോലെ നേടിയിട്ടുള്ള ചിത്രങ്ങളാണ്. ലിജോ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുമായി ഒന്നിക്കുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം.’ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായ നാൾ മുതൽ പ്രേക്ഷകർ വളരെയേറെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്.

ഇപ്പോൾ പ്രേക്ഷകരുടെ മാസങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരിക്കുകയാണ്. വളരെ വ്യത്യസ്തമായ ഒരു ആഖ്യാന രീതിയാണ് ചിത്രത്തിനെന്ന് ടീസർ സൂചിപ്പിക്കുന്നുണ്ട്. ഉച്ചമയക്കം എന്ന അർത്ഥമാണ് ചിത്രത്തിന്റെ പേരിനുള്ളത്. ഉച്ച നേരത്ത് മയങ്ങുന്ന കുറെയേറെ ആളുകളെയാണ് ടീസറിൽ കാണിക്കുന്നത്. ടീസറിന്റെ ഒടുവിലായാണ് മമ്മൂട്ടിയുടെ കഥാപാത്രം ഉറങ്ങുന്നതായി കാണിക്കുന്നത്. ചിത്രത്തിന്റെ കഥയെ പറ്റി അധികം സൂചനകളൊന്നും തരാതെയാണ് ടീസർ അവതരിപ്പിക്കപ്പെട്ടത്. പ്രേക്ഷകർക്ക് ഒരേ പോലെ വലിയ ആവേശവും ആകാംക്ഷയുമാണ് ടീസർ നൽകുന്നത്.

നടൻ ദുൽഖർ സൽമാനാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ചിത്രത്തിന്റെ ടീസർ പങ്കുവെച്ചത്. ‘ഉറക്കത്തിന്റെ കഥ’ എന്ന് കുറിച്ച് കൊണ്ടാണ് ദുൽഖർ ലോക ഉറക്ക ദിനമായ ഇന്ന് ‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ ടീസർ തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

കഴിഞ്ഞ വർഷം നവംബര്‍ 7 ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ നടൻ മമ്മൂട്ടി തന്നെ നിര്‍മിക്കുമ്പോൾ ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്.

Read More: ലൂസിഫർ തെലുങ്ക് റീമേക്ക്; പ്രതിഫലം നിരസിച്ച് സൽമാൻ ഖാൻ, അഭിനയിക്കുന്നത് ചിരഞ്ജീവിയോടുള്ള സൗഹൃദത്തിന്റെ പുറത്ത്

അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘അമര’ത്തിനു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. എസ്. ഹരീഷാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നേരത്തെ ലിജോയുടെ തന്നെ ‘ജല്ലിക്കട്ട്’, ‘ചുരുളി’ തുടങ്ങിയ ചിത്രങ്ങളുടെയും രചന നിർവഹിച്ചത് എസ്. ഹരീഷ് തന്നെയായിരുന്നു.

Story Highlights: Nanpakal nerathe mayakkam teaser