‘നറുമുഖയെ നറുമുഖയെ നീയൊരു നാഴിക നില്ലൈ..’- ലാസ്യഭാവങ്ങളിൽ ചുവടുവെച്ച് അപർണ ബാലമുരളി

March 22, 2022

സംഘകാല കവിതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തമിഴ് സിനിമാലോകത്ത് ധാരാളം ഗാനങ്ങൾ പിറക്കാറുണ്ട്. അത്തരത്തിലൊന്നാണ് റഹ്മാൻ-വൈരമുത്തു കൂട്ടുകെട്ടിലെ ‘ഇരുവർ’ എന്ന ചിത്രത്തിലെ നറുമുഖയേ എന്ന ഗാനം. ഇത് കുറുന്തോകൈയിൽ നിന്നുള്ളതാണ്. ഒരു പുരാതന തമിഴ് കാവ്യാത്മക കൃതിയാണിത്. കലയും സാഹിത്യവും കവിതയുമെല്ലാം ചേർന്ന ഇരുവർ സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റാണെങ്കിലും നറുമുഖയെ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ്. വർഷങ്ങൾ പിന്നിട്ടിട്ടും ആ ഗാനത്തിന്റെ ചാരുത ചോരാതെ പുതുതലമുറയും കവർ ഗാനങ്ങളിലൂടെ പുതുമ പകരുകയാണ് നറുമുഖയ്ക്ക്.

ഇപ്പോഴിതാ, ഗാനരംഗത്തിന് ഒരു കവർ വേർഷൻ ഒരുക്കിയിരിക്കുകയാണ് നടി അപർണ ബാലമുരളി. അഞ്ജലി വാര്യർ ആലപിക്കുന്ന ഗാനത്തിനൊപ്പം അപർണ ചുവടുവയ്ക്കുകയാണ്. ഗാനരംഗത്ത് വീണ വായിക്കുന്നത് അപർണയുടെ അച്ഛനായ ബലമുരളിയാണ്. പാട്ടിലും നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന അപർണയുടെ ഈ നൃത്തവിഡിയോയും ശ്രദ്ധേയമാകുകയാണ്.

മുൻപ് തഞ്ചാവൂർ ശങ്കര അയ്യർ ചിട്ടപ്പെടുത്തിയ ഗാനത്തിന് ചുവടുവെച്ച് വിസ്മയിപ്പിച്ചിരുന്നു അപർണ.അന്ന് ഗാനം ആലപിച്ചിരുന്നത് കാർത്തിക വൈദ്യനാഥനായിരുന്നു. പരിശീലനം ലഭിച്ച ക്ലാസിക്കൽ ഗായികയും നർത്തകിയുമാണ് അപർണ. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങി വിവിധ പരമ്പരാഗത നൃത്തരൂപങ്ങളിൽ വൈദഗ്ധ്യമുള്ളയാളുമാണ്.

അതേസമയം, 2020-ൽ റിലീസ് ചെയ്ത ‘സൂരറൈ പോട്ര്’ ഹിറ്റായതോടെ അപർണ ബാലമുരളി വിജയ കുതിപ്പിലാണ്. ചിത്രത്തിൽ സൂര്യയുടെ നായികയായി വേഷമിട്ടതോടെ അപർണയെ തേടിയെത്തുന്നത് മികച്ച അവസരങ്ങളാണ്.ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രം അപർണയ്ക്ക് പ്രശംസയും വലിയ അംഗീകാരങ്ങളും നേടിക്കൊടുത്തു. കൈനിറയെ ചിത്രങ്ങളുമായി സജീവമാണ് നടി.

Read Also: മീനൂട്ടിയുടെ 28 വർഷത്തെ കാത്തിരിപ്പ്…മിയക്കുട്ടിയുടെ പാട്ടിനൊപ്പം പാട്ടുവേദിയിലെ ചില ചിരി നിമിഷങ്ങളും

 അപർണ ബാലമുരളി നായികയാകുന്നത് ‘നിതം’ എന്ന ചിത്രത്തിലാണ്. വരാനിരിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളി, ഋതു വർമ്മ, ശിവാത്മിക രാജശേഖർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അതേസമയം, ആർജെ ബാലാജിക്കൊപ്പം മൂന്നാമത്തെ ചിത്രത്തിൽ വേഷമിടാനൊരുങ്ങുന്ന അപർണ വീണ്ടുമൊരു തമിഴ് ചിത്രത്തിൽ നായികയാകുകയാണ്. നടൻ കാർത്തിയുടെ നായികയായി അപർണ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകൻ മുത്തയ്യ ഒരുക്കുന്ന ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രത്തിലാണ് അപർണ കാർത്തിയുടെ നായികയായി വേഷമിടുന്നത്. ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ എത്തിയിട്ടില്ല. 

Story highlights- Narumugaye Dance Cover by Aparna Balamurali