ഐഎഫ്എഫ്കെ വേദിയിൽ പാ രഞ്ജിത്ത്; തന്റെ സിനിമകൾ ശബ്ദമില്ലാത്തവരുടെ ശബ്ദമെന്ന് സംവിധായകൻ

March 23, 2022

തമിഴ് സിനിമയിലെ യുവനിര സംവിധായകരിൽ ഏറ്റവും ശ്രദ്ധേയനാണ് പാ രഞ്ജിത്ത്. ‘കബാലി’, ‘കാല’, അടക്കമുള്ള സൂപ്പർഹിറ്റ് രജനി കാന്ത് ചിത്രങ്ങളുടെ സംവിധായകനാണ് പാ രഞ്ജിത്ത്. സംവിധായകന്റെ ഏറ്റവും അവസാനമായി പുറത്തു വന്ന ‘സർപ്പട്ട പരമ്പരൈ’ എന്ന ചിത്രം വലിയ വിജയമായി മാറിയിരുന്നു. ആമസോൺ പ്രൈമിൽ ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ആളുകളുടെ കഥകൾ മുഖ്യധാരാ സിനിമയിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സംവിധായകൻ കൂടിയാണ് പാ രഞ്ജിത്ത്. ‘മദ്രാസ്’ അടക്കം പാ രഞ്ജിത്തിന്റെ മിക്ക സിനിമകളും വലിയ ചർച്ചാവിഷയമായ സിനിമകളാണ്. ഇപ്പോൾ തന്റെ സിനിമകൾ ശബ്ദമില്ലാത്തവർക്ക് ശബ്ദം നൽകുന്ന സിനിമകളാണെന്നാണ് സംവിധായകൻ പറയുന്നത്. മുഖ്യധാരാ സിനിമകളിൽ ദളിതർക്ക് സ്ഥാനമില്ലെന്നും തന്റെ സിനിമകൾ അവരുടെ ശബ്ദമാക്കാനാണ് താൻ ശ്രമിക്കുന്നതെന്നുമാണ് പാ രഞ്ജിത്ത് പറയുന്നത്.

“കലയുടെ മുഖ്യധാരയിൽ ദളിതർക്കുസ്ഥാനമില്ല. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗമാക്കി ദളിതരെ നിലനിർത്താനാണ്‌ പലരും ശ്രമിക്കുന്നത്. അതുകൊണ്ടാണ് ശബ്ദമില്ലാത്തവരുടെ ശബ്ദമാക്കി തന്റെ സിനിമകളെ മാറ്റാൻ ശ്രമിക്കുന്നത്”- രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള അരവിന്ദൻ മെമ്മോറിയൽ ലക്ച്ചറിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കലയിലെ രാഷ്ട്രീയം യാഥാർഥ്യമാണെന്നും അതില്ലെന്ന വാദം യാഥാർഥ്യത്തിനു നിരക്കാത്തതാണെന്നും പാ രഞ്ജിത് കൂട്ടിച്ചേർത്തു.

Read More: സ്കൂളിന് മുന്നിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം- പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത് ആറു വയസുകാരൻ

നേരത്തെ മലയാള ചിത്രമായ ‘പട’യെ പ്രശംസിച്ച് പാ രഞ്ജിത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമായിരുന്നു. ഏറ്റവും മികച്ച രീതിയിലാണ് ‘പട’ എടുത്തിരിക്കുന്നത് എന്നാണ് പാ രഞ്ജിത്ത് പറഞ്ഞത്. തിരക്കഥയാണ് ചിത്രത്തിനെ വ്യത്യസ്തമാക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരു വിട്ടുവീഴ്ചയും കൂടാതെ സിനിമ എടുത്തത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണെന്നും സംവിധായകൻ പറഞ്ഞു. ആദിവാസികൾക്കും ദളിതർക്കും അവകാശപ്പെട്ട ഭൂമി അവർക്ക് തിരികെ നൽകണമെന്നും പാ രഞ്ജിത്ത് കൂട്ടിച്ചേർത്തു.

Read More: Pa ranjith at iffk