പറുദീസ ഗാനത്തിന് തിയേറ്ററിൽ വൻ വരവേൽപ്പ്; വിഡിയോ പങ്കുവെച്ച് ഗാനരംഗത്തിൽ ചുവടുവെച്ച നടി അനഘ

March 4, 2022

കേരളമെങ്ങും പറുദീസാ തരംഗമാണ്. ഭീഷ്മ പർവ്വത്തിനായി ആളുകൾ ആകാംക്ഷയോടെ കാത്തിരുന്നപ്പോഴാണ് പറുദീസാ ഗാനം പുറത്തുവിട്ടത്. എല്ലാവരും ആവേശത്തോടെ ഗാനം ഏറ്റെടുത്തു. മാത്രമല്ല, പാട്ടും ചുവടുകളും ഹിറ്റായി മാറി. സിനിമ മാർച്ച് മൂന്നിനാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ, തിയേറ്ററിൽ പറുദീസാ ഗാനത്തിന് ലഭിച്ച വരവേൽപ്പ് പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിലെ നായികമാരിൽ ഒരാളായ അനഘ.

ഗാനരംഗത്ത് ശ്രീനാഥ് ഭാസിക്കും സൗബിനും ഒപ്പം ചുവടുവെച്ചിട്ടുള്ളതും അനഘയാണ്. ഗാനരംഗം എത്തിയതോടെ ആളുകൾ കൂട്ടമായി എഴുന്നേറ്റുനിന്ന് ചുവടുവയ്ക്കുന്നത് വിഡിയോയിൽ കാണാം. ബിഗ് ബി എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ഭീഷ്മ പർവ്വം എത്തിയത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന ഭീഷ്മ പർവ്വത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Read Also: അമിതമായി റെഡ് മീറ്റ് കഴിക്കുന്നുണ്ടോ? എങ്കിൽ ഈ ലക്ഷണങ്ങൾ ഒന്നു ശ്രദ്ധിക്കൂ..

മുൻപ്, ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മ പര്‍വ്വം പ്രഖ്യാപിക്കപ്പെട്ടത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപർവ്വത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം കൈകാര്യം ചെയ്യുമ്പോൾ വിവേക് ഹര്‍ഷന്‍ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Story highlights- parudeesa song theatre response