പൊട്ടുകളിൽ തീർത്ത കെപിഎസി ലളിതയുടെ മുഖം; മകൻ സിദ്ധാർത്ഥിന് ചിത്രം കൈമാറി കലാകാരി അശ്വതി

March 9, 2022

വൈവിധ്യമാർന്ന കഴിവുകളിലൂടെ മലയാളികളെ അമ്പരപ്പിച്ച ഒട്ടേറെ കലാകാരന്മാരും കലാകാരികളുമുണ്ട്. ജന്മസിദ്ധമായ കഴിവുകൾക്ക് കൂടുതൽ പകിട്ട് നൽകി ശ്രദ്ധേയരാകുന്നവരുടെ പട്ടികയിൽ ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത് കൊടുങ്ങല്ലൂർ സ്വദേശിനി അശ്വതി കൃഷ്ണയാണ്. നൃത്തത്തിലും ചിത്രരചനയിലും അഗ്രഗണ്യയായ അശ്വതി നൃത്തം ചെയ്തുകൊണ്ട് കാലുകളാൽ ചിത്രം വരയ്ക്കുന്നതിലൂടെയും ശ്രദ്ധനേടിയ കലാകാരിയാണ്. ഒരുമണിക്കൂറോളം എടുത്ത് ഫഹദ് ഫാസിലിന്റെ ചിത്രം വരച്ചാണ് അശ്വതി ശ്രദ്ധനേടിയത്.

ഇപ്പോഴിതാ, കെപിഎസി ലളിതയുടെ മുഖം പൊട്ടുകൾ ചേർത്തുവെച്ച് ഒരുക്കിയിരിക്കുകയാണ് അശ്വതി. പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷിന്റെ സഹോദരന്റെ മകളാണ് അശ്വതി. ഡാവിഞ്ചി സുരേഷാണ് അശ്വതി ഒരുക്കിയ ചിത്രത്തെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.

ഡാവിഞ്ചി സുരേഷിന്റെ വാക്കുകൾ;

പൊട്ടുകളിൽ തീർത്ത ആദര ചിത്രം ലളിത സമക്ഷം എത്തിച്ച് അശ്വതി..എൻ്റെ ജേഷ്ഠൻ്റെ മകൾ അശ്വതി കൃഷ്ണ പൊട്ടുകളിൽ തീർത്ത kpac ലളിതയുടെ ആദര ചിത്രം നാദിർഷിക്ക സിദ്ധാർത്ഥ് ഭരതന് അയച്ച് കൊടുക്കുകയും വടക്കാഞ്ചേരിയിൽ ഉള്ള ലളിതാമ്മയുടെ വീട്ടിലെത്തിക്കാൻ അവസരമൊരുക്കുകയും ചെയ്തു.ഇന്ന് രാവിലെയാണ് ചിത്രം കൈമാറിയത്.

Read Also: ബഹുമാനപ്പെട്ട മദർഷിപ്പ്; നാരദനിലെ അഭിനേതാവായി ആഷിഖ് അബുവിന്റെ അമ്മ, സംവിധായകൻ പങ്കുവെച്ച ചിത്രം വൈറലാവുന്നു

അശ്വതിയുടെ അച്ഛൻ ഡാവിഞ്ചി ഉണ്ണിയും കലാകാരനാണ്. ഡാവിഞ്ചി കുടുംബത്തിൽ നിന്നും ആദ്യമായി കലാരംഗത്തേക്ക് എത്തിയത് ഉണ്ണികൃഷ്ണൻ എന്ന ഡാവിഞ്ചി ഉണ്ണി ആണ്. എൽ എൽ ബി നാലാംവർഷ വിദ്യാർത്ഥിനിയാണ് അശ്വതി കൃഷ്ണ.  നമസ്കാരം ഫ്‌ളവേഴ്‌സ് എന്ന പരിപാടിയിൽ മോഹൻലാലിൻറെ മുഖം കാലുകളാൽ വരച്ച് അശ്വതി ശ്രദ്ധനേടിയിരുന്നു. കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ മനോഹരമായ ഗാനത്തിനൊപ്പം മോഹൻലാലിൻറെ സ്ഫടികം ലുക്കാണ് അശ്വതി നമസ്കാരം ഫ്ളവേഴ്സിൽ പ്രേക്ഷകർക്കായി വരച്ചത്. ഗ്രാഫിൽ ഔട്ട്ലൈൻ കൊടുത്തതിന് ശേഷമാണ് അശ്വതി അക്രിലിക് പെയിന്റ് ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നത്.

Story highlights- portrait of kpac lalitha by aswathi