കൂട്ടത്തിൽ ഒളിഞ്ഞുകയറിയതല്ല, ഇത് വരകളില്ലാത്ത സീബ്ര; കൗതുകമായി ആൽബിനോ സീബ്ര

March 13, 2022

അപൂർവ്വമായ കാഴ്ചകൾ എന്നും സമൂഹമാധ്യമങ്ങളിൽ കൗതുകം സൃഷ്ടിക്കാറുണ്ട്. സമൂഹത്തിലെയും ജീവജാലങ്ങൾക്കിടയിലെയും ഇത്തരം കൗതുകങ്ങൾ ഒട്ടേറെ ചർച്ചകൾക്ക് വഴിവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, ടാൻസാനിയയിലെ സെറെൻഗെറ്റി നാഷണൽ പാർക്കിൽ ഒരു അപൂർവ ആൽബിനോ സീബ്ര പ്രത്യക്ഷപ്പെട്ടതാണ് ശ്രദ്ധനേടുന്നത്. പാർക്കിന്റെ ഔദ്യോഗിക പേജ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ആൽബിനോ സീബ്രയുള്ളത്.

വിഡിയോയിൽ അപൂർവമായ സീബ്ര സെറെൻഗെറ്റി നാഷണൽ പാർക്കിലെ പുൽമേടുകളിൽ കറങ്ങുന്നത് കാണാം. പാർക്ക് അധികാരികൾ എൻഡാസിയാത്ത എന്ന പേരുനല്കി വളർത്തുന്ന സീബ്രയ്ക്ക് കറുത്ത വരകൾ ഇല്ല. കഴുത്തിലും തലയിലും ശരീരത്തിലും കുറച്ച് കറുത്ത വരകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Read Also: പച്ചാളം ഭാസിയെ പരിചയപ്പെടുത്താൻ നവരസങ്ങൾക്കൊപ്പം മിയയുടെ ചില പ്രത്യേകഭാവങ്ങളും; ചിരി വിഡിയോ

റിപ്പോർട്ട് പ്രകാരം സീബ്രയ്ക്ക് എട്ട് മാസം പ്രായമുണ്ട്. ദേശീയ ഉദ്യാനത്തിന്റെ ഒരു ഭാഗത്ത് മറ്റു സാധാരണ സീബ്രകളുടെ കൂട്ടത്തോടൊപ്പമാണ് ഇതിനെ കണ്ടത്. ചർമ്മം, കണ്ണുകൾ, മുടി എന്നിവയ്ക്ക് നിറം നൽകുന്ന മെലാനിൻ എന്ന പിഗ്മെന്റിനെ ഉത്പാദിപ്പിക്കാൻ ശരീരകോശങ്ങൾക്ക് കഴിയാതെ വരുന്ന അവസ്ഥയാണ് ആൽബിനിസം. റിപ്പോർട്ട് അനുസരിച്ച്, സീബ്രകളിലെ വരകൾ വേട്ടക്കാരിൽ നിന്ന് രക്ഷനേടാൻ സഹായിക്കുന്നതാണ്. അതുകൊണ്ട് എൻഡാസിയാത്ത പോലുള്ള സീബ്രകൾക്ക് ആൽബിനിസം പ്രശ്‌നമുണ്ടാക്കാൻ സാധ്യതയുണ്ട്. എന്തായാലും ഇപ്പോൾ പാർക്കിന്റെ മനോഹരമായ അന്തരീക്ഷത്തിൽ മറ്റു മൃഗങ്ങൾക്കൊപ്പം സന്തോഷത്തോടെയാണ് എൻഡാസിയാത്ത ഉള്ളത്.

Story highlights- Rare albino zebra spotted at Serengeti National Park