യുദ്ധഭീതിക്കിടയിൽ അഭയാർത്ഥി ക്യാമ്പിൽ ഏഴുവയസുകാരിക്കായി ഒരുങ്ങിയ ജന്മദിനാഘോഷം- ഹൃദ്യം ഈ വിഡിയോ
റഷ്യൻ അധിനിവേശത്തെ തുടർന്ന് ഒട്ടേറെ ആളുകളാണ് യുക്രൈനിൽ നിന്നും പലായനം ചെയ്തിരിക്കുന്നത്. കണക്കുകൾ പരിശോധിച്ചാൽ പലായനം ചെയ്ത ആളുകളുടെ എണ്ണം 1.5 ദശലക്ഷത്തിലധികം വരും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വേഗമേറിയ പലായനമാണിതെന്ന് യുഎൻ റെഫ്യൂജി ഹൈക്കമ്മീഷണർ പറയുന്നത്. ആളുകൾ ജീവനുമായി അതിർത്തി കടക്കുമ്പോൾ ഹൃദയംതൊടുന്ന ഒട്ടേറെ കഥകളാണ് അവിടെനിന്നും യുക്രൈൻ വാർത്തകൾക്കായി കാത്തിരിക്കുന്നവരിലേക്ക് എത്തുന്നത്.
മുന്നിൽ സാധ്യതയുള്ള ആണവയുദ്ധത്തിന്റെ ഭീഷണിയ്ക്കപ്പുറം ഹൃദയസ്പർശിയായതും ഹൃദയഭേദകമായതുമായ കാഴ്ചകൾ ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ, റൊമാനിയൻ അഭയാർത്ഥി ക്യാമ്പിലെ ഏഴുവയസ്സുകാരിയുടെ ഒരു കുഞ്ഞു പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. യുദ്ധമേഖലയിൽ നിന്ന് രക്ഷപ്പെട്ട് കുടുംബത്തോടൊപ്പം ക്യാമ്പിൽ താമസിക്കുകയാണ് അരീന എന്ന പെൺകുട്ടി. സന്നദ്ധപ്രവർത്തകരും എമർജൻസി സർവീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പെൺകുട്ടിയുടെ ജന്മദിന പാർട്ടി സംഘടിപ്പിച്ചത്.
ഒരു പിങ്ക് തൊപ്പി ധരിച്ച് സമ്മാനമായി ലഭിച്ച കുഞ്ഞു പാവയുമായാണ് പെൺകുട്ടി പിറന്നാൾ ആഘോഷിച്ചത്. ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടിയ വിഡിയോയിൽ യൂണിഫോമണിഞ്ഞ ആളുകളാൽ ചുറ്റപ്പെട്ടാണ് അവളുടെ പിറന്നാൾ ആഘോഷം. ‘ഒരു യുക്രേനിയൻ പെൺകുട്ടിയുടെ ഏഴാം ജന്മദിനത്തിൽ റൊമാനിയയിലെ ഒരു അഭയാർത്ഥി ക്യാമ്പ് അംഗങ്ങൾ ഒത്തുചേരുന്നു… നമുക്ക് അരീനയ്ക്ക് ജന്മദിനാശംസ നേരാം’- വിഡിയോക്കൊപ്പമുള്ള കുറിപ്പ് ഇങ്ങനെ.
യുക്രൈയ്നിൽ നിന്ന് ഇതുവരെ 50,000 അഭയാർത്ഥികളെ റൊമാനിയ സ്വീകരിച്ചിട്ടുണ്ട്. 6,50,000-ത്തിലധികം അഭയാർത്ഥികളെ ഇതുവരെ പോളണ്ട് സ്വീകരിച്ചു. ഹംഗറി, മോൾഡോവ, സ്ലൊവാക്യ എന്നിവയുൾപ്പെടെയുള്ള മറ്റ് അയൽരാജ്യങ്ങളിലേക്കും ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുന്നുണ്ട്.
Story highlights- Refugee camp volunteers throw 7-year-old girl surprise birthday party