തകർത്താടി രാം ചരണും ജൂനിയർ എൻടിആറും; ആർആർആർ തിയേറ്ററുകളിൽ- റിവ്യൂ

March 25, 2022

ഏറെ കാത്തിരിപ്പിന് ശേഷമാണ് രാജമൗലി ചിത്രം ആർആർആർ പ്രേക്ഷകരിലേക്കെത്തിയത്. ഇന്ന് മുതൽ തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാഹുബലി സംവിധായകൻ പുതിയ ചിത്രവുമായി എത്തുന്നുവെന്നറിഞ്ഞതുമുതൽ ആകാംഷയോടെ കാത്തിരുന്ന ആരാധകരുടെ പ്രതീക്ഷ ഒട്ടും തെറ്റാതെയാണ് ചിത്രം ആളുകളിലേക്ക് എത്തുന്നത്.

1920 കാലഘട്ടം പ്രമേയമാക്കി എത്തുന്ന ചിത്രമാണ് ആർആർആർ. അല്ലുരീ സീതാരാമ രാജു, കോമരം ഭീം എന്നീ സ്വതന്ത്ര സമര സേനാനിയുടെ കഥയാണ് സിനിമ പറയുന്നത്. സിനിമയിൽ ജൂനിയർ എൻ ടി ആർ ആണ് കോമരം ഭീം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അല്ലുരീ സീതാരാമ രാജുവിന്റെ വേഷത്തിലാണ് ചിത്രത്തിൽ രാം ചരൺ എത്തുന്നത്. ശക്തമായ കഥാപാത്രങ്ങളെയാണ് സിനിമയിൽ ഇരുവരും അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം ഇരുവരും തമ്മിലുള്ള സൗഹൃദവും ആക്ഷൻ രംഗങ്ങളിലെ ഇരുവരുടെയും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളും പ്രേക്ഷകരെ വലിയ രീതിയിൽ ആകർഷിക്കും എന്നുറപ്പ്. ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളായി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രം കൂടിയാണ് ആർആർആർ. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ ഭട്ട് അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ പകുതി പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ ചടുലമായ വേഗത്തിൽ തീരുന്നുണ്ട്. ത്രില്ലടിപ്പിക്കുന്ന ദൃശ്യങ്ങളും അതിനൊത്തെ പ്രകടനങ്ങളും അരങ്ങേറുന്ന ആദ്യ പകുതിയിൽ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് സംവിധായകൻ. ചിത്രത്തിന്റെ കെട്ടുറപ്പുള്ള തിരക്കഥയും എടുത്തുപറയേണ്ട ഒന്നുതന്നെ. എം എം കീരവാണിയുടെ സംഗീതവും ചിത്രത്തെ മികച്ചതാക്കുന്നു. കെ കെ സെന്തില്‍ കുമാറിന്റെ ഛായാഗ്രാഹണവും ശ്രീകര്‍ പ്രസാദിന്റെ ചിത്രസംയോജനവും കൈയടി അർഹിക്കുന്നുണ്ട്. ഒപ്പം സിനിമയോട് ചേർന്ന് നിന്ന ഓരോരുത്തരും ഈ ചിത്രത്തെ മികച്ചതാക്കുന്നുണ്ട്. ഓവറോൾ ചിത്രത്തെ ഒരു ഇമോഷണല്‍ ആക്ഷൻ ഡ്രാമ എന്ന് വിശേഷിപ്പിക്കാം.

രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. രണ്ടേമുക്കാൽ വർഷത്തോളം നീണ്ടുനിന്നതിന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായത്. 450 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ‘ബാഹുബലി’ ഏറ്റെടുത്ത പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്നുറപ്പ്.

Story highlights: s s rajamouli film rrr review