‘ലാൽ സാർ തന്നെയാണത്’; പ്രണവ് മോഹൻലാലിൻറെ അഭിനയത്തെ പറ്റി നടൻ സായ് കുമാർ
മലയാള സിനിമാലോകത്തിന് ആവേശം പകർന്നാണ് ഹൃദയം സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ചിത്രം പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി തിയേറ്ററിൽ വമ്പൻ ഹിറ്റായിരുന്നു. രണ്ടരവർഷത്തോളമുള്ള കാത്തിരിപ്പിന്റെ ഫലമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് ഹൃദയത്തിന് ലഭിച്ചത്.
പ്രണവ് മോഹൻലാലിൻറെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഒരു സവിശേഷതയായി പ്രേക്ഷകർ എടുത്ത് പറഞ്ഞിരുന്നത്. ഇത് വരെ കാണാത്ത ഒരു പ്രണവിനെയാണ് ഹൃദയത്തിൽ കണ്ടതെന്ന് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ അഭിപ്രായപ്പെട്ടിരുന്നു. നിരവധി പ്രമുഖർ പ്രണവിന്റെ അഭിനയത്തെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു.
ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടൻ സായ് കുമാർ ചിത്രത്തെ പറ്റിയും പ്രണവിന്റെ അഭിനയത്തെ പറ്റിയും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. “ലാഗ് അടിപ്പിക്കാത്ത ചിത്രമാണ് വിനീതിന്റെ ഹൃദയം. ചിത്രം കണ്ട് അറിയാതെ എന്റെ കണ്ണുനിറഞ്ഞ് പോയി. എന്താണ് പ്രണവ് തന്ന ഫീൽ എന്നൊന്നും എനിക്കറിയില്ല. അവനെ എനിക്ക് കെട്ടിപ്പിടിക്കാൻ തോന്നി. ആ ഇന്റർവെൽ പോഷനൊക്കെ വല്ലാത്തൊരു മൊമന്റ് ആയിരുന്നു. വിനീതിനെയും പ്രണവിനെയും ഹഗ് ചെയ്യണം. പ്രണവിന്റെ ചില കണ്ണുകളുടെ എക്സ്പ്രഷനുകൾ ഉണ്ടല്ലോ, ലാൽ സാർ തന്നെയാണ് കേട്ടോ. കടപ്പുറത്ത് വച്ച് പോരുന്നോ എന്റെ കൂടെ എന്ന ഡയലോഗോക്കെ ചോദിക്കുന്നത് വല്ലത്തൊരു ഫീലാണ്. ജിത്തുവിന്റെ പടത്തിൽ കണ്ട അപ്പുവെ അല്ലാന്ന് തോന്നിപ്പോയി” – ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സായ് കുമാർ പറഞ്ഞു.
തിയേറ്ററുകളിൽ വലിയ വിജയമായതിന് ശേഷം ഹൃദയം ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിലാണ് ചിത്രം ഫെബ്രുവരി 18 മുതല്‍ സ്ട്രീമിങ്ങ് ആരംഭിച്ചത്.
Story Highlights: Sai kumar about pranav mohanlal’s acting